1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2020

സ്വന്തം ലേഖകൻ: നേപ്പാളില്‍ ഭരണ കക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം. നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയോട് പാര്‍ട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പാര്‍ട്ടിയില്‍ പ്രധാനമന്ത്രിയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നത് മുതിര്‍ന്ന നേതാവ് പി കെ ദഹല്‍ ആണ്.

നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മറി യോഗത്തില്‍ ദഹലും പ്രധാനമന്ത്രി ഒലിയും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമാണ് ഉണ്ടായത്. അധികാരത്തില്‍ തുടരുന്നതിനായി നേപ്പാള്‍ പ്രധാനമന്ത്രി പാകിസ്താന്‍, അഫ്ഗാനിസ്താന്‍ ബംഗ്ലാദേശ് മാതൃകകള്‍ സ്വീകരിക്കുകയാണെന്ന് ദഹല ആരോപിച്ചു.

തന്നെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ഗൂഢാലോചനകള്‍ നടക്കുന്നതായി പ്രധാനമന്ത്രി ഒലി ആരോപിച്ചു. എന്നാല്‍ ഇതൊന്നും നടക്കില്ലെന്നും തനിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും ഒലി പറഞ്ഞു. നേപ്പാള്‍ കമ്യൂണിസ്റ്റുപാര്‍ട്ടി സര്‍ക്കാര്‍ ചൈനയുടെ സ്വാധീനത്തിലാണ് ഭൂപടം മാറ്റി ഇന്ത്യയുടെ പ്രദേശങ്ങള്‍ ഭൂപടത്തില്‍ കൂട്ടിച്ചേര്‍ത്തത്.

നേപ്പാള്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നേതാവായിരുന്ന മദന്‍ ഭണ്ഡാരിയുടെ 69-ാം ജന്മദിനത്തില്‍ നടന്ന പരിപാടിയിൽ ഏതെങ്കിലും രാജ്യത്തിന്റെയോ വ്യക്തികളുടെയോ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി ഒളിയമ്പെയ്തതും ശ്രദ്ധേയമായി. അടിയൊഴിക്കുകള്‍ തനിക്ക് മനസിലാകുന്നുണ്ടെന്നും ഇതൊന്നും നടക്കില്ലെന്നും ഒലി തുറന്നടിച്ചിരുന്നു.

നേപ്പാളില്‍ ചൈന നടത്തിയ അനധികൃത കൈയ്യേറ്റങ്ങളില്‍ ജനരോഷം ശക്തമാണ്.പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി ഉണ്ടായപ്പോള്‍ ദേശീയ വികാരം ഇളക്കിവിടുന്നതിനാണ് പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പുറത്തിറക്കിയത്.

ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധം ഏറെ വൈകാതെ തെരുവുകളിലേക്ക് വ്യാപിക്കും എന്നും സൂചനകള്‍ പുറത്തുവരുന്നു. ചൈനയ്‌ക്കെതിരായ വികാരം നേപ്പാളിലെ ജനങ്ങളില്‍ ഉണ്ടാകുമെന്നതാണ് ഒലി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്.

എന്നാല്‍ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത ഏറെ വൈകാതെ തന്നെ പ്രതിപക്ഷ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും എന്നാണ് റിപ്പോർട്ടുകൾ.

സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധത്തിന് നേപ്പാളിലെ പ്രതിപക്ഷവും തയ്യാറെടുക്കുകയാണ്.ഇപ്പോള്‍ ഉടലെടുത്ത പ്രശ്‌നം നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് പുറത്തേക്ക് വ്യാപിച്ചാല്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി യുടെ ഭരണം പ്രതിസന്ധിലാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.