1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2015

സ്വന്തം ലേഖകന്‍: ഭൂകമ്പ കെടുതിയില്‍ വലയുന്ന നേപ്പാളില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ രോഷം ശക്തമാകുന്നു. ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിപ്പോകൂ എന്നാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തരോട് നേപ്പാള്‍ ജനത പറയുന്നത്. ഭൂകമ്പം ഇന്ത്യന്‍ മാധ്യമങ്ങള്‍ മോദി സര്‍ക്കാറിന്റെ മുഖം മിനുക്കല്‍ പരിപാടിയാക്കി മാറ്റിയെന്നാണ് പ്രധാന വിമര്‍ശനം.

ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് ട്വിറ്ററില്‍ സന്ദേശങ്ങള്‍ പ്രചരിക്കുകയാണ്. ‘മിസ്റ്റര്‍ മോദി നിങ്ങള്‍ മാധ്യമങ്ങളെ തിരികെ വിളിക്കൂ. അവര്‍ ഞങ്ങളെ ഉപദ്രവിക്കുക മാത്രമാണ് ചെയ്യുന്നത്’, ‘മോദീ, ഞങ്ങളുടെ ധാരഹാര തകര്‍ന്നിരിക്കാം. എന്നാല്‍ പരമാധികാരം തകര്‍ന്നിട്ടില്ല’ എന്നിങ്ങനെ പോകുന്നു ട്വിറ്റര്‍ സന്ദേസങ്ങള്‍.

അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍ക്ക് അതെത്തിക്കാന്‍ തയ്യാറാകാത്ത മാധ്യമങ്ങള്‍ ദുരിതത്തില്‍ കഴിയുന്നവരോട് ‘ഇപ്പോള്‍ നിങ്ങള്‍ക്ക് എന്തുതോന്നുന്നു’ എന്ന രീതിയിലുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും വിമര്‍ശകര്‍ പരിഹസിക്കുന്നു. ഇന്ത്യ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് നന്ദി അറിയിച്ചുകൊണ്ടുതന്നെയാണ് തരംതാണ പബ്ലിസിറ്റിക്കുവേണ്ടി ഇന്ത്യന്‍ മാധ്യമങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്.

‘ഭൂകമ്പത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന പാവപ്പെട്ട നേപ്പാളികളെ ഇന്ത്യന്‍ മീഡിയ അപമാനിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ ക്രെഡിറ്റ് നേടിയെടുക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്’ ഒരു ട്വീറ്റില്‍ പറയുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ദുരന്തത്തിന്റെ കെടുതി പരിഗണിക്കാതെ നിര്‍വികാരമായാണ് നേപ്പാളിലെ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും വിമര്‍ശമുയര്‍ന്നു.

രക്ഷാപ്രവര്‍ത്തനമെന്ന പേരില്‍ ഇന്ത്യയടക്കം പല രാജ്യങ്ങളും നേപ്പാളിന്റെ പരമാധികാരത്തില്‍ കൈകടത്തുകയാണെന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നു. ഇതുസംബന്ധിച്ച് പ്രതിപക്ഷം നേപ്പാള്‍ പ്രധാനമന്ത്രി സുഷീല്‍ കൊയ്‌രാളക്ക് താക്കീത് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.