1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2015

സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7,000 കടന്നപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തില്‍ കല്ലുകടി. ദുരിതാശ്വാസമെന്ന് പേരില്‍ പഴന്തുണികളും ഉച്ഛിഷ്ടവും അയക്കരുതെന്ന് ഇന്ത്യയോട് നേപ്പാള്‍ ആവശ്യപ്പെട്ടു. ദുരിതാശ്വാസ സാമഗ്രികളും വഹിച്ച് ഇന്ത്യയില്‍ നിന്നുള്ള വാഗണ്‍ ട്രെയിന്‍ നേപ്പാളിലെത്തിയപ്പോഴായിരുന്നു നേപ്പാളിന്റെ അപേക്ഷ.

ഭൂകമ്പം സര്‍വ്വനാശം വിതച്ച നേപ്പാളിന് സഹായവുമായി ആദ്യമെത്തിയ രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. സര്‍ക്കാരിന് പുറമേ നിരവധി സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളും സ്ഥാപനങ്ങളും സഹായവുമായി രംഗത്തുണ്ട്. ഏപ്രില്‍ 25 നുണ്ടായ ഭൂകമ്പം 90 ലക്ഷത്തോളം പേരെ നേരിട്ടു ബാധിച്ചുവെന്നാണ് കണക്ക്.

നേപ്പാളില്‍ ആദ്യമെത്തിയ ദുരിതാശ്വാസ സാമഗ്രികളുടെ കൂട്ടത്തില്‍ ഉപയോഗശൂന്യമായവയും കണ്ടെത്തിയിരുന്നു. ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതായി ബിര്‍ഗുഞ്ചിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അഞ്ജു രഞ്ജന്‍ അറിയിച്ചു. പ്രതിഷേധം നേപ്പാള്‍ അറിയിച്ചെങ്കിലും സഹായം നിരസിച്ചിട്ടില്ല.

ഇനിയുള്ള ചരക്കുകള്‍ നേപ്പാളിനു കൈമാറുന്നതിനു മുമ്പ് പരിശോധിക്കുമെന്നാണ് ഇന്ത്യന്‍ അധികൃതരുടെ പ്രതികരണം. ബീഹാറിലെ ബിര്‍ഗുഞ്ച് തുറമുഖത്ത് 171 ടണ്ണോളം ദുരിതാശ്വാസ സാമഗ്രികളാണ് കെട്ടിക്കിടക്കുന്നത്.

നേരത്തെ ഇന്ത്യ അടക്കമുള്ള 34 രാജ്യങ്ങളോട് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഭൂകമ്പം നടന്ന് ഒമ്പത് ദിവസം കഴിഞ്ഞതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് വിദേശ സംഘങ്ങളോട് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.