1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2024

സ്വന്തം ലേഖകൻ: ദയാവധം സ്വീകരിച്ച് നെതര്‍ലന്‍ഡ്സ് മുന്‍ പ്രധാനമന്ത്രിയും ഭാര്യയും. രോഗത്താല്‍ അവശരായിരുന്ന ഇരുവരും പരസ്പരം കൈകോര്‍ത്ത് മരണത്തെ സ്വീകരിക്കുക ആയിരുന്നു. നെതര്‍ലന്‍ഡ്സ് മുന്‍ പ്രധാനമന്ത്രി ഡ്രിസ് ഫന്‍ അഹ്തും ഭാര്യ യൂജീനിയയുമാണ് ദയാവധം സ്വീകരിച്ചത്. ദയാവധം ആഗ്രഹിച്ചിരുന്ന ഡ്രിസ് ഫന്‍ രോഗദുരിതത്താല്‍ ബുദ്ധിമുട്ടിയിരുന്ന ഭാര്യയേയും ഒപ്പം കൂട്ടുകയായിരുന്നു.

രണ്ടുപേരും കൈകോര്‍ത്തുപിടിച്ച് ഈമാസം അഞ്ചിന് ദയാവധം സ്വീകരിച്ചു. 93 വയസ്സായിരുന്നു ഇരുവര്‍ക്കും. ഫന്‍ അഹ്ത് സ്ഥാപിച്ച ഫലസ്തീന്‍ അനുകൂലസംഘടനയായ റൈറ്റ്സ് ഫോറമാണ് ദമ്പതിമാരുടെ ദയാമരണവിവരം പുറത്തുവിട്ടത്. 2019ലെ മസ്തിഷ്‌കരക്തസ്രാവത്തില്‍നിന്ന് അദ്ദേഹം പൂര്‍ണമുക്തനായില്ല. യൂജീനിയും തീരെ അവശയായിരുന്നുവെന്നും പരസ്പരം പിരിയാന്‍ രണ്ടുപേര്‍ക്കുമാകില്ലായിരുന്നുവെന്നും റൈറ്റ്സ് ഫോറം ഡയറക്ടര്‍ ജെറാര്‍ദ് യോങ്ക്മാന്‍ പറഞ്ഞു.

1977 മുതല്‍ 82 വരെ നെതര്‍ലന്‍ഡ്സിന്റെ പ്രധാനമന്ത്രിയായിരുന്നു ഡ്രിസ് ഫന്‍ അഹ്തും. കത്തോലിക്കനായ ഫന്‍ അഹ്ത് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് അപ്പീല്‍ പാര്‍ട്ടിനേതാവായിരുന്നു. പിന്നീട് കൂടുതല്‍ ഇടതുപക്ഷ മനസ്സുപുലര്‍ത്തി. ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്നത്തിലെ നിലപാടിന്റെ പേരില്‍ തെറ്റി 2017-ല്‍ അദ്ദേഹം പാര്‍ട്ടിവിട്ടു.

ദയാവധത്തിന് 2002-ല്‍ നിയമപരമായി അനുമതിനല്‍കിയ രാജ്യമാണ് നെതര്‍ലന്‍ഡ്സ്. അസഹനീയമായ യാതന, രോഗമുക്തിക്ക് ഒട്ടുംസാധ്യതയില്ലാത്ത അവസ്ഥ തുടങ്ങിയ ആറുസാഹചര്യങ്ങളില്‍ ദയാമരണമാകാം എന്നാണു നിയമം. ഡോക്ടര്‍മാരുടെ സഹായത്തോടെ ദയാമരണം സാധ്യമാക്കിക്കൊടുക്കുന്ന സന്നദ്ധസംഘങ്ങളും നെതര്‍ലന്‍ഡ്സിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.