1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2017

 

സ്വന്തം ലേഖകന്‍: അഭയാര്‍ഥി വിവാദങ്ങള്‍ക്കിടെ നെതര്‍ലന്‍ഡ്‌സ് ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക്, തൂക്കു പാര്‍ലമെന്റിന് സാധ്യതയെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍. 50 അംഗ ജനപ്രതിനിധിസഭയിലേക്ക് 28 പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ ഒരു പാര്‍ട്ടിക്കു പോലും ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരൊറ്റ പാര്‍ട്ടിക്കുപോലും അഭിപ്രായ സര്‍വേകളില്‍ 20% ജനപിന്തുണ നേടാന്‍ കഴിയാത്തത് തൂക്കു മന്ത്രിസഭക്കുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്.

ബ്രെക്‌സിറ്റും അമേരിക്കയിലെ ട്രംപിന്റെ വിജയവും യൂറോപ്പില്‍ തീവ്രവലതുപക്ഷത്തിനു പിന്തുണ വര്‍ധിപ്പിച്ചെന്നാണു വിലയിരുത്തല്‍. ഗേര്‍ട്ട് വില്‍ഡേഴ്‌സിന്റെ പാര്‍ട്ടി ഫോര്‍ ഫ്രീഡം (പിവിവി) ഇതിന്റെ നേട്ടമെടുത്തേക്കും. ഒന്നേ മുക്കാല്‍ കോടി ജനങ്ങളില്‍ പത്തു ശതമാനം ഇപ്പോള്‍ കുടിയേറ്റക്കാരാണ്. അവരില്‍ ഭൂരിപക്ഷം മുസ്‌ലിംകളും. ജനങ്ങളില്‍ ആറരശതമാനമാണു മുസ്‌ലിംകള്‍. കഴിഞ്ഞ വര്‍ഷം 88000വും അതിനു തലേവര്‍ഷം 56000 വും പേര്‍ രാജ്യത്തേക്കു കുടിയേറി. ഇതേച്ചൊല്ലിയുള്ള ആശങ്കകളാണു വില്‍ഡേഴ്‌സ് ഉന്നയിക്കുന്നത്.

ഏറ്റവും പുതിയ സര്‍വേയില്‍ റട്ടെയുടെ വിവിഡി 16.2 ഉം വില്‍ഡേഴ്‌സിന്റെ പിവിവി 15.7 ഉം ശതമാനം പിന്തുണ നേടി. വിവിഡി 27ഉം പിവിവി 23ഉം സീറ്റ് നേടുമത്രേ. ഭൂരിപക്ഷത്തിനു വേണ്ടത് 76 സീറ്റ്. മൂന്നിലേറെ പാര്‍ട്ടികള്‍ ചേര്‍ന്നു സഖ്യമുണ്ടാക്കിയാലേ ഭരണം നടക്കൂ എന്നാണു സൂചന. സര്‍വേകളില്‍ പങ്കെടുത്ത 20 ശതമാനത്തിലേറെ ജനങ്ങള്‍ അഭിപ്രായം രൂപീകരിച്ചിട്ടില്ല. തുര്‍ക്കിയുമായി ഈ ദിവസങ്ങളിലുണ്ടായ സംഘര്‍ഷം പ്രധാനമന്ത്രി റട്ടെയുടെ ജനസമ്മതി കൂട്ടിയെന്നാണു സൂചന. അങ്ങനെവന്നാല്‍ റട്ടെയുടെ പാര്‍ട്ടി ഏറ്റവും മുന്നിലെത്തും.

2012 ല്‍ യാഥാസ്ഥിതിക ലിബറല്‍ പാര്‍ട്ടിയായ പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആന്‍ഡ് ഡെമോക്രസി (വിവിഡി) 40 സീറ്റ് നേടിയിരുന്നു. ലേബര്‍ പാര്‍ട്ടി 35 സീറ്റും. ഇര്‍രുപാര്‍ട്ടികളും ചേര്‍ന്ന് സഖ്യമുണ്ടാക്കിയാണ് വിവിഡിയുടെ മാര്‍ക് റട്ടെ പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. നെതര്‍ലന്റ്‌സിലെ തെരഞ്ഞെടുപ്പോടെ പശ്ചിമ യൂറോപ്പിലെ തെരഞ്ഞെടുപ്പു കാലത്തിനും കൊടിയേറുകയാണ്. ഫ്രാന്‍സും ജര്‍മനിയും ഇറ്റലിയും ഈ വര്‍ഷം തന്നെ ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.