1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2024

സ്വന്തം ലേഖകൻ: മനുഷ്യരുടെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാനും അതുവഴി കംപ്യുട്ടര്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ന്യൂറാലിങ്ക്. ശരീരം തളര്‍ന്നുകിടക്കുന്ന ഒരു രോഗി ടെലിപ്പതി എന്ന് പേരിട്ടിരിക്കുന്ന ബ്രെയിന്‍ ചിപ്പ് തലച്ചോറില്‍ ഘടിപ്പിച്ചതിന് ശേഷം കംപ്യൂട്ടറിലെ ഗെയിം നിയന്ത്രിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ന്യൂറാലിങ്ക് ബുധനാഴ്ച പുറത്തുവിട്ടിരുന്നു.

അതിനിടെയാണ് ന്യൂറാലിങ്കിന്റെ സ്ഥാപകനായ ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക് മറ്റൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ടെലിപ്പതി എന്ന ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍. ന്യൂറാലിങ്കിന്റെ അടുത്ത പദ്ധതി കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച ലഭിക്കുന്ന ഉപകരണം ആയിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഡോഗ് ഡിസൈനര്‍ എന്നയാള്‍ എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് കമന്റായാണ് ഇലോണ്‍ മസ്‌ക് ഇക്കാര്യം അറിയിച്ചത്. ‘ജന്മനാ കാഴ്ചയില്ലാത്തവരെ പോലെ ഒരിക്കലും കാഴ്ച ശക്തി ഇല്ലാതിരുന്ന ഒരാള്‍ക്ക് പോലും ന്യൂറാലിങ്ക് ഉപയോഗിച്ച് കാഴ്ച ലഭിക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.’ എന്ന് മസ്‌ക് പറയുന്ന വീഡിയോയാണ് ഡോഗ് ഡിസൈനര്‍ പങ്കുവെച്ചത്. അതിന് കമന്റായാണ് ന്യൂറാലിങ്കിന്റെ അടുത്ത ഉല്പന്നം അന്ധരായവര്‍ക്ക് കാഴ്ച നല്‍കുന്നതായിരിക്കും എന്ന് മസ്‌ക് അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം മേയിലാണ് ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ന്യൂറാലിങ്കിന് അനുമതി ലഭിച്ചത് തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കാനും പരീക്ഷണത്തിന്റെ ഭാഗമാവാനും തയ്യാറുള്ള രോഗികളെ കമ്പനി ക്ഷണിച്ചിരുന്നു. ജനുവരിയിലാണ് ഉപകരണം ഒരു മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ചതായി കമ്പനി അറിയിച്ചത്. ഇയാളുടെ ആരോഗ്യ നില ഭേദപ്പെട്ടുവെന്നും ചിന്തകളിലൂടെ കംപ്യൂട്ടര്‍ മൗസ് നിയന്ത്രിക്കാന്‍ അയാള്‍ക്ക് സാധിക്കുന്നുണ്ടെന്നും ഫെബ്രുവരിയില്‍ മസ്‌ക് അറിയിച്ചിരുന്നു.

ആ വ്യക്തിയെയാണ് കമ്പനി കഴിഞ്ഞദിവസം എക്‌സില്‍ പങ്കുവെച്ച ലൈവ് വീഡിയോയില്‍ പരിചയപ്പെടുത്തിയത്. നോളണ്ട് ആര്‍ബോ എന്നാണ് ബ്രെയിന്‍ ചിപ്പ് ഘടിപ്പിച്ച ആദ്യ രോഗിയുടെ പേര്.എട്ട് വര്‍ഷം മുമ്പ് ഡൈവിങിനിടെ ഉണ്ടായ ഒരപകടത്തിലാണ് 29 കാരനായ ആര്‍ബോയ്ക്ക് നട്ടെല്ലിന് പരിക്കേറ്റത്. ശസ്ത്രക്രിയ വളരെ എളുപ്പമായിരുന്നുവെന്നും ജനുവരിയില്‍ ശസ്ത്രക്രിയ നടന്ന തൊട്ടടുത്ത ദിവസം തന്നെ ആശുപത്രി വിട്ടിരുന്നുവെന്നും ആര്‍ബോ പറഞ്ഞു.

ഇപ്പോഴും പൂര്‍ണതയിലെത്തിയിട്ടില്ലാത്ത ഈ സാങ്കേതിക വിദ്യ ഇനിയും പരിഷ്‌കരിക്കേണ്ടതുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് രോഗികളില്‍ ഘടിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.