1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2024

സ്വന്തം ലേഖകൻ: ഗര്‍ഭഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ നയവും മാനദണ്ഡങ്ങളും പരക്കെ സ്വാഗതം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഗര്‍ഭിണിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്‍കാനുള്ള തീരുമാനം വലിയ ആശ്വാസമാവുമെന്നാണ് വിലയിരുത്തല്‍.

പുതിയ ഗര്‍ഭഛിദ്ര നയം അനുസരിച്ച് ഗര്‍ഭിണിയുടെ ജീവന്‍ അപകടത്തിലാകുക, സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതാകുക, ഗര്‍ഭസ്ഥ ശിശുവിന് ഗുരുതര ആരോഗ്യപ്രശ്‌നം കണ്ടെത്തുക തുടങ്ങി അനിവാര്യമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ പ്രത്യേക സമിതിയുടെ അനുമതിയോടെ ഗര്‍ഭഛിദ്രം അനുവദിക്കും.

എന്നാല്‍ ഗര്‍ഭകാലം 120 ദിവസത്തില്‍ കൂടാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. ആരോഗ്യ, രോഗപ്രതിരോധ മന്ത്രിയുടെയോ എമിറേറ്റ് ഹെല്‍ത്ത് അതോറിറ്റി മേധാവിയുടെയോ നിര്‍ദേശപ്രകാരം രൂപീകരിക്കുന്ന അതതു മേഖലാ ആരോഗ്യ സമിതിയാണ് ഗര്‍ഭഛിദ്ര അഭ്യര്‍ഥനകളില്‍ അന്തിമ തീരുമാനം എടുക്കുക.

ഗൈനക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് ഉള്‍പ്പെടെ മൂന്ന് ഡോക്ടര്‍മാര്‍, പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ടതായിരിക്കും സമിതി. അംഗീകൃത ആരോഗ്യ പരിരക്ഷാ സ്ഥാപനത്തില്‍ വച്ച് സ്‌പെഷലിസ്റ്റ് ഒബ്സ്റ്റട്രീഷ്യന്‍ അഥവാ ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ മാത്രമേ ഗര്‍ഭഛിദ്രം നടത്താവൂ. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ മന്ത്രാലയം നിരന്തരം നിരീക്ഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തെ ഗര്‍ഭിണികള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ വലിയ ആശ്വാസമാകുന്ന നടപടിയെന്ന നിലയില്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ നയത്തെ സ്വാഗതം ചെയ്തു. നേരത്തേ ചില സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഗര്‍ഭച്ഛിദ്ര സേവനങ്ങള്‍ ലഭിക്കുന്നതിന് വിദേശത്തേക്ക് പോകേണ്ടി വരുന്ന സാഹചര്യമുണ്ടായിരുന്നതായി ദുബായ് കനേഡിയന്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്‌സ് – ഗൈനക്കോളജി വിഭാഗം മേധാവിയും കണ്‍സള്‍ട്ടന്റുമായ ഡോ. ഡാനി ഹന്ന പറഞ്ഞു.

പുതിയ നിയമം വന്നതോടെ ഇവിടെ നിന്ന് തന്നെ ഗര്‍ഭഛിദ്രം നടത്താന്‍ കഴിയുമെന്നതിനാല്‍ വിദേശത്തേക്ക് പോവേണ്ട ആവശ്യം വരില്ല. സ്ത്രീകളുടെ ആരോഗ്യത്തിന് സുരക്ഷിതവും കൂടുതല്‍ പിന്തുണ നല്‍കുന്നതുമായ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ പുതിയ നിയമനിര്‍മാണത്തിലൂടെ സാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ ജീവനും അവരുടെ സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കുന്ന ഗര്‍ഭഛിദ്രം സംബന്ധിച്ച നിയമം നടപ്പാക്കിയതിന് സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി ഇന്റര്‍നാഷണല്‍ മോഡേണ്‍ ഹോസ്പിറ്റലിലെ സിഇഒ ഡോ കിഷന്‍ പാക്കല്‍ അറിയിച്ചു. തങ്ങളുടെ കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നോ അല്ലെങ്കില്‍ ഗര്‍ഭധാരണം കാരണം അമ്മയുടെ ജീവന്‍ അപകടത്തിലാണെന്നോ അറിയുമ്പോള്‍ മാനസികമായി തളര്‍ന്നുപോകുന്ന ദമ്പതികള്‍ക്ക് പുതിയ നയം വലിയ ആശ്വാസമാകും- സുലേഖ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി ഡോക്ടര്‍ ജസ്ബിര്‍ ജി ഛത്വാള്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.