1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2024

സ്വന്തം ലേഖകൻ: ആദ്യാക്ഷരം നുകരാൻ സ്കൂളിലെത്തിയതിന്റെ ആകാംക്ഷയും പുതിയ ക്ലാസിലിരിക്കുന്നതിന്റെ ആവേശവുമായി കൊച്ചുകൂട്ടുകാർ ഇന്ന് (തിങ്കൾ) വീണ്ടും സ്കൂളുകളിൽ. ഇന്ത്യൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് യുഎഇയിലെ വിദ്യാലയങ്ങളിൽ ഇന്ന് പുതിയ അധ്യയന വർഷം തുടങ്ങി. സിബിഎസ്ഇ, ഐസിഎസ്ഇ, കേരള സിലബസ് പിന്തുടരുന്ന നൂറിലേറെ സ്കൂളുകളാണ് പുതിയ അധ്യയനത്തിലേക്കു കടക്കുന്നത്. എന്നാൽ പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ മൂന്നാം പാദ പഠനത്തിലേക്കാണ് കടക്കുക.

ഇവർക്ക് ജൂണിലാണ് വാർഷിക പരീക്ഷ. പുതിയ അധ്യയനം സെപ്റ്റംബറിൽ തുടങ്ങും. വാർഷിക പരീക്ഷയും ഫലപ്രഖ്യാപനവും കഴിഞ്ഞ് 3 ആഴ്ചത്തെ അവധിക്കുശേഷമാണ് സ്കൂളുകൾ പഠനച്ചൂടിലേക്കു കടക്കുന്നത്. ദുബായിലെ സ്കൂളുകൾ ഏപ്രിൽ ഒന്നിന് തുറന്നെങ്കിലും ഈദ് അവധിക്കായി നാലിന് അടച്ചിരുന്നു. നാട്ടിൽ നിന്ന് വ്യത്യസ്തമായി ഗൾഫിലെ സ്കൂളുകളിൽ മധ്യവേനൽ അവധി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായതിനാലാണ് ഇന്ത്യൻ സ്കൂളുകളിൽ ഏപ്രിലിൽ തന്നെ അധ്യയനം ആരംഭിക്കുന്നത്.

തോരണങ്ങൾ തൂക്കിയും മധുരവും ബലൂണുകളും കളർപെൻസിലുകളുമൊക്കെ വിതരണം ചെയ്തും സന്തോഷകരമായ പ്രവേശനോത്സവ അന്തരീക്ഷത്തിലാണ് പുത്തൻ യൂണിഫോമും പുസ്തകങ്ങളും ബാഗും ചുണ്ടിൽ നിറപുഞ്ചിരിയുമായെത്തിയ കുട്ടികളെ സ്കൂൾ അധികൃതർ രാവിലെ വരവേറ്റത്. കെജി ക്ലാസുകളിലെ കുട്ടികളെ സ്വീകരിക്കാൻ ബഹുവർണ നിറങ്ങളിൽ ക്ലാസ് മുറികൾ അലങ്കരിച്ചും കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളുടെ ഫോട്ടോ ചുവരുകളിൽ പതിച്ചും അക്ഷരങ്ങളും അക്കങ്ങളും തൂക്കിയിട്ടുമൊക്കെ ക്ലാസുകൾ അലങ്കരിക്കാൻ അധ്യാപകരും ജീവനക്കാരും നേതൃത്വം നൽകി. കളിപ്പാട്ടങ്ങളും സമ്മാനപ്പൊതികളും മിഠായിയും ലഭിച്ചപ്പോൾ സ്കൂൾ കൊള്ളാമല്ലോ എന്ന ഭാവമായിരുന്നു കുഞ്ഞുമുഖങ്ങളിൽ വിടർന്നത്.

മൂന്നാഴ്ച നീണ്ട അവധിയിൽ പെരുന്നാൾ, വിഷു ആഘോഷങ്ങൾക്ക് വേണ്ടിയും നാട്ടിലേയ്ക്ക്, പ്രത്യേകിച്ച് കേരളത്തിലേയ്ക്ക് പോയ കുറച്ചു കുട്ടികൾ ഇനിയും എത്താനുണ്ട്. വിമാനക്കൂലി വളരെയേറെ ആയതിനാൽ കുറ്ഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടാനുള്ള ശ്രമത്തിലാണ് പലരും. മാസങ്ങൾക്ക് മുൻപേ ബുക്ക് ചെയ്തവർ മാത്രമേ ഇപ്പോൾ എത്തിയിട്ടുള്ളൂ.

നഴ്സറിക്ലാസുകളിലേയ്ക്ക് അഡ്മിഷന് വേണ്ടി ഇപ്രാവശ്യവും നെട്ടോട്ടമോടിയിരുന്നു. ഇന്ത്യൻ സ്കൂളുകളടക്കം പലയിടത്തും അപേക്ഷകരുടെ ആധിക്യം കാരണം നറുക്കെട്ടെടുത്താണ് പ്രവേശനം നല്‍കിയത്. മിക്ക ഇന്ത്യൻ സ്കൂളുകളിലും ജനുവരിയിൽ തന്നെ അഡ്മിഷൻ ക്ലോസ് ചെയ്യുകയുമുണ്ടായി. ദുബായിലെ സ്കൂളുകൾക്ക് നോളജ് ആൻജ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റി(കെഎച് ഡിഎ) പഠന നിലവാരവും സ്കൂളുകളുടെ സൗകര്യങ്ങളും മറ്റും കണക്കാക്കി സ്റ്റാർ പദവി നൽകാറുണ്ട്. ഏറ്റവും മികച്ചത്, മികച്ചത് എന്ന സ്റ്റാറുകൾ ലഭിച്ച സ്കൂളുകളിൽ മക്കളെ ചേർക്കാനാണ് എല്ലാ മാതാപിതാക്കൾക്കും ആഗ്രഹം.

ഏതെങ്കിലും വിദ്യാർഥിക്ക് ആരോഗ്യപ്രശ്നമുള്ളതിനാൽ തുടക്കത്തിൽത്തന്ന സ്കൂളുകളിൽ അ‍ഡ്മിഷൻ നേടാൻ പറ്റിയില്ലെങ്കിൽ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുമതി നേടി ഒഴിവുകളുള്ള സ്കൂളുകളിൽ പ്രവേശനം സ്വന്തമാക്കാം. ഇതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മാത്രം. യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയമമനുസരിച്ച് ഒരു ക്ലാസിൽ 30 കുട്ടികളില്‍ കൂടാൻ പാടില്ല.

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ് വിദ്യാർഥികൾ. ജൂലൈ, ഒാഗസ്റ്റ് മാസങ്ങളിൽ യുഎഇയിൽ വേനലവധി ആയതിനാൽ സിബിഎസ് ഇ പതിനൊന്നാം ക്ലാസ് ഇൗ മാസം തന്നെ ആരംഭിക്കും. അധ്യയനത്തിന്റെയും സ്കൂൾ ഗതാഗതത്തിന്റെയും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായി 1 മുതൽ 10 വരെയും 12 ലെയും വിദ്യാർഥികളാണ് ഇന്ന് സ്കൂളുകളിൽ എത്തിയത്.

വിവിധ സ്കൂളിൽ 16, 17 ദിവസങ്ങളിലായി കെ.ജി, 11 ക്ലാസുകളിലെ കുട്ടികളെയും വരവേറ്റു. പുതിയ ക്ലാസുകളിലെ‍ പാഠ്യ, പഠന രീതികളിലും സിലബസിലുമുണ്ടായ മാറ്റങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് വിശദീകരിച്ചുകൊടുക്കുന്ന ഓറിയന്റേഷൻ ക്ലാസുകളും ഒരുക്കിയിരുന്നു. പുതുതായി അഡ്മിഷൻ എടുത്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചു.

സ്കൂൾ ഫീസ് വർധനയ്ക്കു പുറമെ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ നൽകേണ്ടിവരുന്ന റീ–റജിസ്ട്രേഷൻ ഫീസ്, വാർഷിക ഫീസ്, ട്യൂഷൻ ഫീസ്, ടെക്സ്റ്റ്/നോട്ട് പുസ്തകങ്ങൾ, മിനിസ്ട്രി ബുക്ക് ഫീസ്, റിസോഴ്സ് ഫീസ്, ഐബിടി റജിസ്ട്രേഷൻ ഫീസ്, യൂണിഫോം, ഷൂ, സ്റ്റേഷനറി തുടങ്ങി വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന ഫീസുകളെല്ലാം കൂടി അടയ്ക്കേണ്ടിവരുന്നതിനാൽ പുതിയ അധ്യയന വർഷം രക്ഷിതാക്കൾക്ക് സാമ്പത്തിക ഭാരം കൂട്ടുന്നു.

ബാഗ്, വാട്ടർ ബോട്ടിൽ, പേന, പെൻസിൽ തുടങ്ങി അനുബന്ധ ചെലവുകൾ വേറെയും. രണ്ടും മൂന്നും മക്കളുള്ളവരാണ് ഏറെ പ്രയാസപ്പെടുന്നത്. 3 മാസത്തെ ഫീസ് ഒന്നിച്ച് അടയ്ക്കേണ്ടിവരുന്നതും രക്ഷിതാക്കളെ കുഴയ്ക്കുന്നു. പ്രതിസന്ധി മറികടക്കാൻ ഫീസ് മാസത്തിൽ അടയ്ക്കാൻ അനുമതി ലഭിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.