1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2024

സ്വന്തം ലേഖകൻ: ബുധനാഴ്ച രാത്രി 8. 40 ന് ലണ്ടനിലേക്ക് പറക്കാനിരുന്ന ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വിമാനമായിരുന്നു റണ്‍വേയില്‍ കുഴി കണ്ടെത്തിയതിനെ തുടര്‍ന്ന് ടെര്‍മിനലിലേക്ക് തിരികെ കൊണ്ടുവന്നത്. വിമാനത്തില്‍ കയറി, റണ്‍വേയിലേക്ക് നീങ്ങും വരെ എല്ലാം സാധാരണപോലെ നടന്നു എന്ന് യാത്രക്കാര്‍ പറയുന്നു. എന്നാല്‍, പിന്നീട് വിമാനം വേഗത വര്‍ദ്ധിപ്പിക്കാതെ, തിരികെ ടെര്‍മിനലിലേക്ക് മടങുകയായിരുന്നു.

റണ്‍വേയില്‍ എന്തോ പിഴവ് കണ്ടെത്തിയതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അറിയിച്ചു എന്നായിരുന്നു പൈലറ്റ് യാത്രക്കാരോട് പറഞ്ഞത് എന്ന് യാത്രക്കാരില്‍ ഒരാളായ നിക്ക് അലന്‍ എന്ന 27 കാരന്‍ പറയുന്നു. സ്വന്തം തീരുമാന പ്രകാരം വേണമെങ്കില്‍ വിമാനം ടേക്ക് ഓഫ് ചെയ്യാം എന്നായിരുന്നത്രെ അവര്‍ പൈലറ്റിനെ അറിയിച്ചത്. അതായത്, എന്തെങ്കിലും അരുതാത്തത് സംഭവിച്ചാല്‍ നിയമപരമായ ഉത്തരവാദിത്തം പൈലറ്റിന്റെ തലയിലാകും.

ഈ ഒരു റിസ്‌ക് ഏറ്റെടുക്കാന്‍ പൈലറ്റ് തയ്യാറാകാഞ്ഞതിനാല്‍ വിമാന സര്‍വ്വീസ് റദ്ദ് ചെയ്യുകയായിരുന്നു. റോഡില്‍ നിറയെ കുഴികളാണ്, റെയില്‍ പാളങ്ങളിലും കണ്ടിട്ടുണ്ട്, ഇപ്പോള്‍ റണ്‍വേയിലും എത്തിയിരിക്കുന്നു കുഴി എന്നായിരുന്നു നിക്ക് അലന്റെ പ്രതികരണം. പരിസ്ഥിതി ഗവേഷകനായ നിക്ക്, ജോലി സംബന്ധമായ കാര്യത്തിനായിടായിരുന്നു ലണ്ടനിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. പിന്നീട് മറ്റൊരു വിമാനത്തിലായിരുന്നു അയാള്‍ ലണ്ടനില്‍ എത്തിയത്.

ഈ വിമാനത്തിനു പുറമെ പോളണ്ടില്‍ നിന്നും, ടെനെറൈഫില്‍ നിന്നും, സൈപ്രസില്‍ നിന്നുമുള്ള വിമാനങ്ങളെയും ഈ കുഴി ബാധിച്ചു. കുഴി കണ്ടെത്തിയ ഉടന്‍ തന്നെ കുറച്ച് നേരത്തേക്ക് റണ്‍വേ അടച്ചിട്ടതായും ആവശ്യമായ പരിശോധനകള്‍ നടത്തിയതായും വിമാനത്താവള വക്താവ് അറിയിച്ചു. ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം അധികം വൈകാതെ റണ്‍വേ തുറന്നതായും വക്താവ് അറിയിച്ചു.

എന്നാല്‍, അതിന്റെ ഫലമായി ന്യൂകാസില്‍ വിമാനത്താവളത്തില്‍ ഇറങ്ങാനിരുന്ന അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചു വിടേണ്ടതായി വന്നു. ഇവിടെ നിന്നും യാത്ര തിരിക്കേണ്ട മൂന്ന് വിമാനങ്ങള്‍ റദ്ദ് ചെയ്യുകയോ, റീഷെഡ്യൂളിംഗ് ചെയ്യുകയോ ചെയ്തു. ഇപ്പോള്‍ പ്രവര്‍ത്തനം സാധാരണഗതിയില്‍ ആയിട്ടുണ്ടെന്നും വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യങ്ങള്‍ക്ക് വിമാനത്താവളാധികൃതര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

റണ്‍വേയുടെ ബാഹ്യ പ്രതലം നഷ്ടമാകുന്നത് മൂലം ആന്തരിക പ്രതലം ദൃശ്യമാകുന്ന ഈ പ്രതിഭാസം റവേലിംഗ് എന്നാണ് സാങ്കേതിക ഭാഷയില്‍ അറിയപ്പെടുന്നത്. ഏതാണ്ട് ഒരു മീറ്റര്‍ നീളത്തിലും അര ഇഞ്ചില്‍ കുറവ് ആഴത്തിലുമായിരുന്നു ബാഹ്യ പ്രതലം നഷ്ടപ്പെട്ടിരുന്നത്. എന്നാല്‍ അതിന്റെ അവശിഷ്ടങ്ങള്‍ ഒന്നും പരിസരത്ത് ചിതറിക്കിടന്നിരുന്നില്ല എന്നും വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.