1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2020

സ്വന്തം ലേഖകൻ: രാജ്യത്ത്​ നിലവിൽ വരുന്ന പുതിയ തൊഴിൽ നിയമപ്രകാരം എൻ.ഒ.സി ഇല്ലാതെ തൊഴിൽ മാറുന്നതിനുള്ള വിവിധ നടപടിക്രമങ്ങൾ തൊഴിൽ ഭരണകാര്യ സാമൂഹിക കാര്യമന്ത്രലയം പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി പുതിയ തൊഴിൽ നിയമം അംഗീകരിച്ച്​ ഉത്തരവിറക്കിയത്​.

പുതിയ നിയമപ്രകാരം ഗാർഹിക ജോലിക്കാരടക്കം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ മിനിമം വേതനം നൽകണം. ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവൻസിനായി 300 റിയാലും ഇതിന്​ പുറമേ നൽകാനും നിയമം അനുശാസിക്കുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസം കഴിയുന്നതോടെയാണ്​ നിയമം പ്രാബല്യത്തിൽ വരിക.

പ്രൊബേഷന്‍ കാലാവധിയില്‍ ജീവനക്കാരന് തൊഴില്‍ മാറണമെങ്കില്‍ നിലവിലെ തൊഴിലുടമയെ ഒരു മാസം മുമ്പ് അറിയിച്ചിരിക്കണം. മാത്രമല്ല തൊഴിലുടമയ്ക്ക് ചെലവായ റിക്രൂട്ട്‌മെന്റ് ഫീസിന്റെയും വണ്‍-വേ വിമാനടിക്കറ്റിന്റെയും ഒരു ഭാഗവും ജീവനക്കാരന്‍ നല്‍കുകയും വേണം. നിലവിലെ തൊഴിലുടമയും പുതിയ തൊഴിലുടമയും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തണം. അതേസമയം ഈ നഷ്ടപരിഹാര തുക ജീവനക്കാരന്റെ നിലവിലെ 2 മാസത്തെ അടിസ്ഥാന ശമ്പളത്തേക്കാള്‍ കൂടുതല്‍ ആകാനും പാടില്ലെന്ന് മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നു.

തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ഇല്ലാതെ തൊഴില്‍ മാറ്റത്തിന് അനുവദിച്ചു കൊണ്ടുള്ള പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ നടപടിക്രമങ്ങളിലാണ് മുന്നറിയിപ്പ് നോട്ടീസ് നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ജീവനക്കാരന്റെയും തൊഴിലുടമയുടേയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് വിജ്ഞാപനം, മത്സര രഹിതം, നഷ്ടപരിഹാരം എന്നീ നിയന്ത്രണങ്ങളോടെയാണ് തൊഴില്‍ മാറ്റത്തിന് അനുമതി നല്‍കുന്നത്. കഴിഞ്ഞ ആഴ്ചയിലാണ് തൊഴിലുടമയുടെ എന്‍ഒസി ഇല്ലാതെ തൊഴില്‍ മാറ്റത്തിന് അനുമതി നല്‍കി കൊണ്ടുള്ള പുതിയ തൊഴില്‍ നിയമത്തില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒപ്പുവെച്ചത്. നിയമം 6 മാസത്തിന് ശേഷമാണ് പ്രാബല്യത്തില്‍ വരുന്നത്.

തൊഴില്‍ മാറ്റത്തിന്റെ നടപടി ക്രമങ്ങള്‍

ഒരു കമ്പനിയില്‍ രണ്ടു വര്‍ഷമോ അതില്‍ കുറവോ ജോലി ചെയ്തവര്‍ ഒരു മാസത്തെയും രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തവര്‍ 2 മാസത്തേയും നോട്ടീസ് നല്‍കണം. മന്ത്രാലയത്തിന്റെ ഇ-നോട്ടിഫിക്കേഷന്‍ സംവിധാനത്തിലൂടെ തൊഴിലുടമയെ അറിയിക്കണം.

ഇ-നോട്ടിഫിക്കേഷന്‍ വഴി തൊഴില്‍ മാറ്റം അറിയിക്കുമ്പോള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ തൊഴിലുടമ മാറ്റത്തിനുള്ള അപേക്ഷ പൂരിപ്പിച്ചത്, മുന്‍ തൊഴിലുടമ ഒപ്പുവെച്ച, തൊഴില്‍ മന്ത്രാലയം അംഗീകരിച്ച കരാര്‍ പകര്‍പ്പ് (കരാര്‍ പകര്‍പ്പ് ഇല്ലെങ്കില്‍ കമ്പനിയില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍), പുതിയ തൊഴിലുടമയുടെ ഓഫര്‍ ലെറ്റര്‍ അറബിക് ഭാഷയിലുള്ളത് എന്നീ രേഖകള്‍ ഹാജരാക്കണം.

തൊഴില്‍ മാറ്റം സ്ഥിരീകരിച്ചു കൊണ്ട് ജീവനക്കാരനും പുതിയ തൊഴിലുടമയ്ക്കും മന്ത്രാലയത്തില്‍ നിന്നുള്ള സന്ദേശം ലഭിയ്ക്കും. തൊഴിലുടമ ഡിജിറ്റല്‍ ഓഥന്റിക്കേഷന്‍ സംവിധാനത്തിലൂടെ തൊഴില്‍ കരാറിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. കരാര്‍ പ്രിന്റെടുത്ത് ജീവനക്കാരനുമായി വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്ത് ഒപ്പുവെയ്ക്കണം.

പുതിയ കരാര്‍ മന്ത്രാലയത്തിന്റെ സംവിധാനത്തില്‍ അപ്‌ലോഡ് ചെയ്യണം. 60 റിയാല്‍ ഫീസും നല്‍കണം.

തൊഴില്‍ മന്ത്രാലയം കരാര്‍ അംഗീകരിച്ച ശേഷം ജീവനക്കാരന് പുതിയ ഖത്തര്‍ ഐഡിക്കായി തൊഴിലുടമ ആഭ്യന്തര മന്ത്രാലയത്തില്‍ അപേക്ഷ നല്‍കണം.

നടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ ജീവനക്കാരന് പുതിയ കമ്പനിയില്‍ പ്രവേശിക്കാം. ജീവനക്കാരന് പുതിയ ഖത്തര്‍ ഐഡി, ഹെല്‍ത് കാര്‍ഡ് എന്നിവ പുതിയ തൊഴിലുടമയില്‍ നിന്ന് ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.