1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇവരുടേത് മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് ബാധയാണോ എന്ന് വ്യക്തമല്ല. ഇതിനായി ഇവരുടെ സ്രവം പൂനെ വൈറോളജി ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായും മന്ത്രി പറഞ്ഞു.

ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ യൂണിയനില്‍ കൂറേക്കൂടി മാരകമായ ജനിതകമാറ്റം കണ്ടെത്തിയെന്നാണ് അറിയുന്നത്. അത് അതിവേഗം പടരുന്നതാണ്. കുറേക്കൂടി മാരകമാണ്. എന്നാല്‍ ഇത് സംസ്ഥാനത്ത് പടര്‍ന്നതായി റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല. മരണ നിരക്കിലും വ്യത്യാസം സംഭവിച്ചിട്ടില്ല. പഴയതു പോലെ നില്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ആരോഗ്യ വകുപ്പ് മുന്‍കൈയെടുത്ത് ഗവേഷണം നടത്തിയിരുന്നു. അതില്‍ ഇവിടെയും വൈറസില്‍ ജനിതക മാറ്റം കണ്ടെത്തിയിരുന്നു. ഇക്കാര്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചായിരുന്നു ആദ്യം റിസര്‍ച്ച് നടത്തിയത്. ഇപ്പോള്‍ എല്ലാ ജില്ലകളിലും ഇതുസംബന്ധിച്ച ഗവേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വൈറസ് കൂടുതല്‍ പടര്‍ന്നാല്‍ മരണസംഖ്യ ഉയരും. അതാണ് പേടിപ്പിക്കുന്ന കാര്യം. ഇക്കാര്യം അറിഞ്ഞ ഉടന്‍ ഉന്നത തലയോഗം ചേരുകയും വിമാനത്താവളങ്ങളിലടക്കം ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും ആരോഗ്യമന്ത്രി പറഞ്ഞു. ബ്രിട്ടനില്‍ നിന്നു വന്ന എല്ലാവരെയും സ്‌ക്രീന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. വാര്‍ത്ത വന്നതിന് മുമ്പ് എത്തിയവരെയും നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.