
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി കര, വ്യോമ അതിർത്തികൾ അടച്ചതിനെ തുടർന്ന് ഒമാനിൽ 300ലധികം വിമാന സർവിസുകളാണ് റദ്ദാക്കിയത്. ഡിസംബർ 22ന് അർധരാത്രി 12ന് ശേഷം ഏഴ് ദിവസത്തേക്ക് ഒമാനിലേക്ക് വരുന്നതും ഒമാനിൽ നിന്ന് പുറപ്പെടുന്നതുമായ വിമാന സർവിസുകളാണ് റദ്ദാക്കിയത്. ഇതിൽ 148 വിമാന സർവിസുകൾ വിവിധ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് വരുന്നതും 159 വിമാന സർവിസുകൾ ഒമാനിൽ നിന്ന് പുറപ്പെടുന്നവയുമാണ്.
എന്നാൽ, ഒമാനിലെ ആഭ്യന്തര വിമാന സർവിസുകൾ റദ്ദാക്കിയിട്ടില്ല. കാർഗോ സർവിസുകളും തടസ്സമില്ലാതെ നടക്കുന്നുണ്ട്. വിമാന സർവിസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ വിവിധ വിമാന കമ്പനികൾ വിമാന ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യാനുള്ള അവസരം നൽകുന്നുണ്ട്. ഒമാൻ എയറിൽ ഇൗ കാലയളവിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യാൻ ഒമാൻ എയർ കാൾ സെൻററുമായി ബന്ധപ്പെടാമെന്ന് ഒമാൻ അധികൃതർ പറഞ്ഞു. അതത് രാജ്യങ്ങളിലെ കാൾ സെൻററിലാണ് ബുക്കിങ് മാറ്റാൻ സമീപിക്കേണ്ടത്.
ഒമാനിൽ നിന്ന് യാത്ര ചെയ്യുന്നവരോ ഒമാനിലേക്ക് വരുന്നവരോ ആയ യാത്രക്കാർക്ക് സൗജന്യമായി ബുക്കിങ് മാറ്റാൻ എയർ ഇന്ത്യയും അവസരം നൽകുന്നുണ്ട്. യാത്ര ബുക്കിങ് സൗജന്യ നിരക്കിൽ ഒരു പ്രാവശ്യം മാത്രം മാറ്റാനാണ് എയർ ഇന്ത്യ അവസരം നൽകുന്നത്. ഇൗ വിഷയത്തിൽ കൂടുതൽ സഹായം ആവശ്യമുള്ളവർ എയർ ഇന്ത്യ കസ്റ്റമർ കെയറുമായി ബന്ധപ്പെടണമെന്നും അറിയിപ്പിലുണ്ട്.
അതിനിടെ വിമാന സർവിസുകൾ ഒരാഴ്ചത്തേക്ക് റദ്ദാക്കിയതായി വർത്ത പരന്നത് മുതൽ തന്നെ ട്രാവൽ ഏജൻറുകളുടെ ഒാഫിസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പല യാത്രക്കാരും ടിക്കറ്റ് നിരക്കുകൾ റീ ഫണ്ട് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. അതിനിടെ ഒമാനിൽ പുതിയ വിസ നിയമം നടപ്പായ സാഹചര്യത്തിൽ നിരവധി പേരാണ് ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കായി ഒമാനിലേക്ക് ടിക്കറ്റെടുത്തത്. പുതിയ സാഹചര്യത്തിൽ ഇവരെല്ലാം യാത്ര മറ്റിവെക്കേണ്ടി വരും. സന്ദർശക വിസകൾ ആരംഭിച്ചതോടെ വ്യോമയാന മേഖലയിൽ പുതിയ ഉണർവുണ്ടായ സാഹചര്യത്തിലാണ് ഇരുട്ടടിയായി അതിർത്തി അടച്ചിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല