
സ്വന്തം ലേഖകൻ: മുൻ വൈറസുകളേക്കാളും വ്യാപനശേഷി കൂടുതലുള്ള പുതിയ കൊറോണ വേരിയന്റ് (Variant Strain) ബ്രിട്ടനിൽ കണ്ടെത്തിയതോടെ രാജ്യം ഏറെ പ്രതീക്ഷയർപ്പിച്ച ക്രിസ്മസ്–പുതുവര്‍ഷ വിപണിക്കു മേൽ ആശങ്കയുടെ നിഴൽ വീണിരിക്കുകയാണ്. കൊവിഡ് 19 ന്റെ രണ്ടാംവരവിനെ ഉത്കണ്ഠയോടെയാണു ബ്രിട്ടനിലെ ജനസമൂഹം നോക്കിക്കാണുന്നത് . വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന പുതിയ ശ്രേണിയിലുള്ള വൈറസിന്റെ ആവിർഭാവം ആശങ്കയുണർത്തുന്നുണ്ട് .
സെപ്റ്റംബർ 20 ഓടെ തെക്കുകിഴക്കൻ ഇംഗ്ലണ്ടിലും ലണ്ടനിലുമാണ് പുതിയ കൊറോണ വൈറസിന്റെ വകഭേദത്തെ വ്യാപകമായി കണ്ടെത്തുന്നത്. എന്നാൽ സെപ്റ്റംബറിൽ ശേഖരിച്ച വൈറസ് സാംപിളിന്റെ റിപ്പോർട്ട് ഒക്ടോബറിൽ ലഭിച്ചപ്പോഴേക്കും പലയിടത്തും പുതിയ വൈറസ് വേരിയന്റ് വേരുറപ്പിച്ചു കഴിഞ്ഞിരുന്നു. അതുവരെ കുറഞ്ഞുനിന്നിരുന്ന യുകെയിലെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം സെപ്റ്റംബർ 23 ന് 6899ൽ എത്തിയതോടെ ആദ്യ സൂചനകൾ ലഭിച്ചതാണ്. ഒരാഴ്ച കഴിഞ്ഞ് ഒക്ടോബർ 2ന് അത് 11,754ലും എത്തി. മൂന്നാഴ്ച പിന്നിട്ടതോടെ ആ സംഖ്യ 26,000 കടന്നു. നവംബർ 12ന് പ്രതിദിന ബാധിതർ 33,470 ആയി. അതിനോടകം സൂചന മനസ്സിലാക്കിയ യുകെ പതിയെ പ്രതിരോധ നടപടികളിലേക്കു കടന്നിരുന്നു. എന്നാൽ ഡിസംബർ മൂന്നാമത്തെ ആഴ്ചയോടെ രാജ്യത്തെ സകല റെക്കോർഡുകൾ ഭേദിച്ച് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്നു.
ഡിസംബർ 15ന് പ്രതിദിനം 18,450 പേരെ രോഗം ബാധിച്ചപ്പോൾ തൊട്ടടുത്ത ദിവസം അത് ഇരട്ടിയോടടുത്തു– 35,383 പേർ. കൊവിഡ് റിപ്പോർട്ട് ചെയ്തതിനു ശേഷം ഇതുവരെ ബ്രിട്ടനിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന രോഗികളുടെ എണ്ണമായിരുന്നു അത്. ഡിസംബർ 18ന് 28,507, ഡിസംബർ 19ന് 27,052 എന്നിങ്ങനെയുമായി ഇത്. ഡിസംബർ 20ന് 35,928 എന്ന പുതിയ റെക്കോർഡുമിട്ടു. 21ന് 33,363 പേർക്കും രോഗം സ്ഥിരീകരിച്ചു. ക്രിസ്മസ് ആഴ്ചയുടെ ആരംഭത്തിൽ തന്നെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസും പുതുവർഷവും സാമൂഹിക അകലം പാലിച്ച്, വീട്ടിൽനിന്ന് പുറത്തിറങ്ങാതെ ആഘോഷിക്കാനും നിർദേശം വന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ പുതിയ വൈറസ് എത്തിക്കഴിഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയ, നെതർലൻഡ്സ്, ഇറ്റലി, ബെൽജിയം, ഐസ്‌ലൻഡ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളെല്ലാം പുതിയ വൈറസ് വേരിയന്റിനെ തിരിച്ചറിഞ്ഞതായി സ്ഥിരീകരിച്ചു. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും യുകെയുമായുള്ള കര–വ്യോമ–സമുദ്രഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. ഡിസംബർ 9 വരെയുള്ള കണക്കനുസരിച്ച് യുകെയിൽ റിപ്പോർട്ട് ചെയ്ത 62% കേസുകളും പുതിയ കൊറോണ വൈറസ് വേരിയന്റ് ബാധിച്ചതാണ്. തൊട്ടു മുൻപത്തെ ആഴ്ച അത് 28% മാത്രമായിരുന്നു! എവിടെവച്ചാണ് ഇവയ്ക്ക് ജനിതക പരിവർത്തനം സംഭവിച്ചത് എന്നു മാത്രം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പുതിയ വേരിയന്റ് വ്യാപകമായ ക്ലസ്റ്ററുകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. അവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ മാത്രമേ ഇതു സംബന്ധിച്ച നേരിയ സൂചനയെങ്കിലും ലഭിക്കുകയുള്ളൂ.
പുതിയ കൊറോണ വൈറസല്ല ഇത്. പഴയ വൈറസിനു ജനിതക പരിവർത്തനം സംഭവിച്ചുണ്ടായ പുതിയ വകഭേദം മാത്രമാണ്. എന്നാൽ മുൻ വേരിയന്റിനെ അപേക്ഷിച്ച് ഇതിനു വ്യാപകശേഷി കൂടിയതാണ് തിരിച്ചടിയായത്. പുതിയ വേരിയന്റ് കൊറോണവൈറസിന്റെ ബി.1.1.7 തലമുറ(lineage)യിൽപ്പെട്ടതാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. പുതിയ വേരിയന്റിന്റെ ജനിതകകോഡിൽ ഇതുവരെ 23 മ്യൂട്ടേഷനാണു സംഭവിച്ചതെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഈ മാറ്റങ്ങളിൽ ചിലതാണ് ഇപ്പോൾ വ്യാപനശേഷി കൂട്ടാൻ ഇടയാക്കിയത്. യുകെയിലെ മുൻ വൈറസിന്റെ വ്യാപകശേഷി 50% ആണെങ്കിൽ ഇപ്പോഴത്തേതിന്റേത് 70 ശതമാനമാണ്.
കൊവിഡ് ഗുരുതരമാകാനോ കൂടുതൽ മരണത്തിനോ പുതിയ വേരിയന്റ് ഇടയാക്കില്ല. എന്നാൽ ഇവയുടെ വ്യാപനശേഷി എങ്ങനെ കൂടി എന്നതിന്റെ ‘മെക്കാനിസം’ പിടിച്ചെടുക്കാൻ ഇതുവരെ കഴിയാത്തത് ആശങ്കയ്ക്ക് ഇട നൽകുന്നുണ്ട്. സ്പൈക്ക് പ്രോട്ടിനിലെ മാറ്റമാണ് വ്യാപകശേഷി കൂടാൻ കാരണമായതെന്നു മാത്രം അറിയാം. വൈറസിനെ സംബന്ധിച്ച കൂടുതൽ ഡേറ്റ ലഭ്യമായാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമറിപ്പോർട്ട് ഉണ്ടാവുകയുള്ളൂ. ഇപ്പോൾ തയാറായിട്ടുള്ള ഫൈസർ വാക്സീനുൾപ്പെടെ പുതിയ വേരിയന്റിനെതിരെയും ഫലപ്രദമാകുമെന്നാണ് ഗവേഷകരുടെ വിശ്വാസം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല