1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2020

സ്വന്തം ലേഖകൻ: യുകെയിൽനിന്ന് ഇന്ത്യയിലെത്തിയ ആറു പേർക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. മൂന്നെണ്ണം ബെംഗളൂരു നിംഹാൻസ് ലാബിൽ നടത്തിയ പരിശോധനയിലും 2 എണ്ണം ഹൈദരാബാദ് സിസിഎംബി, ഒരെണ്ണം പൂണെ എൻഐവി ലാബുകളിൽ നടത്തിയ പരിശോധനകളിലുമാണ് കണ്ടെത്തിയത്.

നവംബർ 25നുശേഷം യുകെയിൽനിന്ന് ഇന്ത്യയിലെത്തിയ 33,000 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 114 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മുഴുവൻ പേരുടെയും സ്രവ സാംപിളുകൾ ജനിതക ശ്രേണീകരണത്തിനായി നൽകിയിരുന്നു. ഇതിൽ 6 പേർക്കാണ് യുകെയിൽ കണ്ടെത്തിയ അതീവ വ്യാപനശേഷിയുള്ള വൈറസ് വകഭേദത്തിൽനിന്ന് കൊവിഡ് പിടിപെട്ടത്.

ഇവരെ പ്രത്യേക ഐസലേഷൻ യൂണിറ്റുകളിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ്. സമ്പർക്കമുണ്ടായവരിൽ പോസ്റ്റീവ് ആകുന്നവർക്കും ജനിതക ശ്രേണീകരണം നടത്തും. കനത്ത ജാഗ്രതാ നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്കു കേന്ദ്രം നിർദേശം നൽകി.

മറ്റ് 14 രാജ്യങ്ങളിൽ കൂടി യുകെയിലെ വൈറസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽനിന്ന് എത്തിയവരെ പരിശോധിക്കുന്ന നടപടിയിലേക്കും ഇന്ത്യ കടന്നേക്കും. കൊവിഡ് രണ്ടാം സ്‌ട്രെയിന്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീട്ടി കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ തുടരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ അറിയിച്ചു.

“കൊവിഡ് വ്യാപനത്തില്‍ രാജ്യത്ത് കുറവുണ്ടെങ്കിലും ജാഗ്രത തുടരേണ്ടതുണ്ട്. യു.കെയില്‍ ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ജാഗ്രത വേണം,” മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി പതിനൊന്ന് ലക്ഷം കടന്നു. നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 17,71,365 പേര്‍ മരിച്ചു. നിലവില്‍ രണ്ട് കോടി ഇരുപത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളിലുള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്.

ഇന്ത്യയില്‍ 1,02,08,725 കൊവിഡ് ബാധിതരാണ് ഉള്ളത്. നിലവില്‍ 2,76,028 പേരാണ് ചികിത്സയിലുള്ളത്. 1,47,940 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയേഴ് ലക്ഷം പിന്നിട്ടു. പ്രതിദിന കൊവിഡ് കേസുകള്‍ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. കഴിഞ്ഞദിവസം 18,732 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗികളുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസില്‍ ഒരുകോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3,41,138 പേര്‍ മരിച്ചു. 1.14 കോടി പേര്‍ സുഖം പ്രാപിച്ചു. ബ്രസീലില്‍ എഴുപത്തിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്.1,91,146 പേര്‍ മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.