സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതോടെ ന്യൂസിലാന്‍ഡില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. രാജ്യത്ത് തിങ്കളാഴ്ച പുതിയ കൊവിഡ് കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതോടെയാണ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്‍ തീരുമാനിച്ചത്.
അതേസമയം രാജ്യത്തെ പ്രധാന നഗരമായ ഓക്‌ലാന്‍ഡില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേന്‍ പറഞ്ഞു. രൂക്ഷമായ കൊവിഡ് വ്യാപനം ഉണ്ടായ നഗരമാണ് ഓക്‌ലാന്‍ഡ്. ഒരു ഘട്ടത്തിൽ രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രഭവകേന്ദ്രമായി ഈ നഗരം മാറിയിരുന്നു.
വരും ദിവസങ്ങളിലെ സ്ഥിതിഗതികള്‍ കൂടി പരിശോധിച്ച ശേഷമാകും ഇവിടുത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക. നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്ന വിവരം പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ ആണ് അറിയിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കൊവിഡിന്റെ രണ്ടാം വരവോടെയാണ് രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ന്യൂസിലാന്‍ഡില്‍ ഇതുവരെ 1815 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 25 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,470,995 ആയി ഉയര്‍ന്നിരിക്കുകയാണ്. 2,24,000 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 9,68,000ത്തിലധികം പേരാണ് രോഗം മൂലം മരണമടഞ്ഞത്. നിലവില്‍ 23,094,214പേര്‍ രോഗമുക്തി നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല