1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2020

സ്വന്തം ലേഖകൻ: ന്യൂസിലാൻഡിലെ ജസീന്ത ആർഡൻ സർക്കാറിൽ മന്ത്രിയായി മലയാളി പ്രിയങ്കാ രാധാകൃഷ്ണൻ. യുവജന ക്ഷേമം, സാമൂഹിക വികസനം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കക്ക് ലഭിച്ചത്. എറണാകുളം പറവൂർ സ്വദേശിയാണ് പ്രിയങ്ക. രണ്ടാം തവണയാണ് പ്രിയങ്ക എം.പിയാകുന്നത്. തൊഴിൽ സഹമന്ത്രി ചുമതല കൂടി പ്രിയങ്കക്ക് നൽകിയിട്ടുണ്ട്. ന്യൂസിലാൻഡിലെ ആദ്യ ഇന്ത്യൻ മന്ത്രിയാണ് പ്രിയങ്ക.

പ്രിയങ്കയുടെ കുട്ടിക്കാലം സിംഗപ്പൂരിലായിരുന്നു. പിന്നീട് ന്യൂസിലന്‍റിലെത്തി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2006ലാണ് പ്രിയങ്ക ലേബര്‍ പാര്‍ട്ടിയില്‍ അംഗമായത്. 2017ല്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ പാര്‍ലമെന്‍ററി പ്രൈവറ്റ് സെക്രട്ടറിയായി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മന്ത്രിസ്ഥാനവും പ്രിയങ്കയെ തേടിയെത്തി.

പ്രിയങ്കയോടൊപ്പം ജസീന്ത കഴിഞ്ഞ വര്‍ഷം മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്നിരുന്നു. ജസീന്തയുടെ ആശംസ പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.

ന്യൂസിലന്‍റില്‍ രണ്ടാംവട്ടവും പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡന്‍ മന്ത്രിസഭയില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടിയിരുന്നു ജസീന്തയുടെ ലേബര്‍ പാര്‍ട്ടി. 120ല്‍ 64 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി സ്വന്തമാക്കി. 49 ശതമാനം വോട്ടാണ് നേടിയത്. 1996ന് ശേഷം ഒരു പാര്‍ട്ടി തനിച്ച് ന്യൂസിലന്‍രില്‍ ഇത്രയും സീറ്റുകള്‍ നേടുന്നത് ആദ്യമാണ്. എതിര്‍കക്ഷിയായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമേ നേടാനായുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.