1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2016

സ്വന്തം ലേഖകന്‍: തങ്ങള്‍ക്ക് പഴയ പതാക തന്നെ മതിയെന്ന് ന്യൂസിലന്‍ഡ് ജനത വിധിയെഴുതി. ബ്രിട്ടന്റെ യൂണിയന്‍ ജാക്ക് ഉള്‍പ്പെടുന്ന പതാക മാറ്റി പുതിയത് സ്വീകരിക്കണോ എന്ന കാര്യത്തില്‍ നടത്തിയ ജനഹിതപരിശോധനയിലാണ് ഈ വിധി. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തിന്റെ ചിഹ്നമായ ഇപ്പോഴത്തെ ദേശീയ പതാകതന്നെ തുടര്‍ന്നാല്‍ മതിയെന്ന് വോട്ടെടുപ്പില്‍ പങ്കെടുത്ത 21 ലക്ഷത്തോളം പേരില്‍ 56.6 ശതമാനം പേരും അഭിപ്രായപ്പെട്ടു. 43.1 ശതമാനം പേരാണ് മാറ്റം വേണമെന്ന് അഭിപ്രായപ്പെട്ടത്.

ജനവിധി അംഗീകരിക്കുന്നതായി പതാകമാറ്റത്തിനായി ശക്തമായി വാദിച്ച പ്രധാനമന്ത്രി ജോണ്‍ കീ പറഞ്ഞു. ജനവിധിയില്‍ തനിക്ക് നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2014 ലാണ് പതാകമാറ്റത്തിനുള്ള നടപടികള്‍ക്ക് തുടക്കംകുറിച്ചത്. പന്ത്രണ്ടംഗ സമിതിയുടെ മേല്‍നോട്ടത്തിലായിരുന്നു ഇത്. അഞ്ച് പതാകകളാണ് അവസാന റൌണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ബ്രിട്ടീഷ് കോളനികളായിരുന്ന നാല് സ്വതന്ത്ര രാജ്യങ്ങള്‍മാത്രമാണ് അവരുടെ പതാകയില്‍ യൂണിയന്‍ ജാക്കിനെ നിലനിര്‍ത്തിയിരുന്നത്. ഫിജിയുടെ പതാകയില്‍നിന്ന് ഇത് നീക്കിയിരുന്നു. ഓസ്‌ട്രേലിയയും ടുവാലുവുമാണ് മറ്റ് രാജ്യങ്ങള്‍. ഇരു രാജ്യങ്ങളില്‍ പതാക മാറ്റല്‍ നിലവില്‍ പരിഗണിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.