1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2022

സ്വന്തം ലേഖകൻ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വന്തം കല്യാണം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി. രാജ്യത്ത് കൊറോണ പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമാക്കിയതോടെയാണ് പ്രധാനമന്ത്രി ജസീന്ത ആർദേൺ തന്റെ വിവാഹച്ചടങ്ങുകൾ മാറ്റിവെച്ചത്. രാജ്യത്തെ പുതിയ കൊറോണ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ നാളുകളായി പങ്കാളികളായി കഴിയുന്നവരാണ് ജസീന്തയും ക്ലാർക്ക് ഗേയ്‌ഫോഡും. ഇരുവരും വിവാഹ തീയതി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കുമെന്ന് അറിയിച്ചിരുന്നു. ഇതാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതോടെ നീട്ടിയത്.

ഇതിനിടെ ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ മറ്റൊരു നഗരത്തിലേക്ക് യാത്രചെയ്ത ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. അവർ സഞ്ചരിച്ച വിമാനത്തിലെ ജീവനക്കാരനും രോഗം പിടിപ്പെട്ടു. ഇതോടെയാണ് രാജ്യത്തെ കൊറോണ നിയന്ത്രണങ്ങൾ കർശനമാക്കിയത്. അടുത്ത മാസം അവസാനം വരെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.

വാക്‌സിന്റെ ഇരുഡോസുകളും സ്വീകരിച്ചവർക്ക് മാത്രമാണ് ഇനിമുതൽ പൊതുചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി. പങ്കെടുക്കുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പൊതുഗാതാഗത സംവിധാനം ഉപയോഗിക്കുന്നവരും കടകളിൽ കയറി ഇറങ്ങുന്നവരും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

ഡെൽറ്റയേക്കാൾ വേഗത്തിൽ വ്യാപിക്കുന്ന വൈറസ് വകഭേദമാണ് ഒമിക്രോൺ. എന്നിരുന്നാലും ആളുകളിൽ ഗുരുതരമാകുന്ന അവസ്ഥയ്‌ക്ക് സാധ്യത കുറവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം വിവാഹം മാറ്റിവെക്കേണ്ടി വന്നതിനോട് എങ്ങിനെ പ്രതികരിക്കുന്നുവെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും ജസീന്ത മറുപടി നൽകി. ജീവിതം അങ്ങനെയാണ്. ന്യൂസിലാൻഡിലെ ആയിരക്കണക്കിന് വരുന്ന സാധാരാണക്കാർ ഈ മഹാമാരിക്കിടയിൽ വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. താൻ അവരിൽ നിന്നും വിഭിന്നമല്ലെന്നും ജസീന്ത ആർദേൺ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.