1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2021

സ്വന്തം ലേഖകൻ: തെക്കൻ പസഫിക്ക് മേഖലയിൽ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ സുനാമി മുന്നറിയിപ്പ് നൽകിയത് പിൻവലിച്ചു. മുന്നറിയിപ്പിനെ തുടർന്ന് തീരദേശ മേഖലയില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് താമസക്കാരെ സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒഴിപ്പിച്ചിരുന്നു. ഇവർക്ക് ഇനി വീടുകളിലേക്ക് മടങ്ങാമെന്ന് അധികൃതർ അറിയിച്ചു.

റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ന്യൂസിലാന്‍ഡ് നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി (നെമ) ദേശീയ മുന്നറിയിപ്പും നല്‍കിയിരുന്നു. തീരദേശ മേഖലയിലെ ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങണമെന്നും ഒരു കാരണവശാലും വീടുകളില്‍ തന്നെ തുടരരുത് എന്നും നെമ പറഞ്ഞു.

മുന്ന് മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നേക്കാമെന്നും നെമ മുന്നറിയിപ്പ് നല്‍കി. ചില തീരങ്ങളില്‍ അപകടകരമായ സുനാമി തരംഗങ്ങള്‍ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ജപ്പാന്‍, റഷ്യ, മെക്‌സിക്കോ, തെക്കേ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളുടെ തീരങ്ങളില്‍ ചെറിയ തിരമാലകള്‍ രൂപപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളിയാഴ്ച അതിരാവിലെ തന്നെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്തര ആര്‍ഡന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അവര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. കെര്‍മാഡക് ദ്വീപില്‍ രൂപപ്പെട്ട തീവ്രത കൂടിയ ഭൂചലനം മറ്റ് രണ്ട് ചെറിയ ഭൂചലനങ്ങള്‍ക്കും വഴിവെച്ചുവെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ടിലും വ്യക്തമാക്കി.

സുനാമി മുന്നറിയിപ്പ് ഒഴിവായെങ്കിലും ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടലിൽ നീന്താൻ പോകുന്നവർ, മീൻപിടുത്തക്കാർ, തീരത്തോട് ചേർന്ന് ജോലി ചെയ്യുന്നവർ എന്നീ വിഭാഗക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. നോർത്ത് ലാൻഡ് നിവാസികൾക്കായി അടിയന്തിര ജാഗ്രതാ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.