1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2023

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ നഴ്സുമാരും ആംബുലൻസ് ജീവനക്കാരുമടക്കം എല്ലാ എൻഎച്ച്എസ് സ്റ്റാഫിനും അഞ്ചു ശതമാനം ശമ്പള വർധന പ്രഖ്യാപിച്ചു. മുൻ വർഷങ്ങളിലെ പേ അവാർഡായി കുറഞ്ഞത് 1655 പൗണ്ട് ഒറ്റ പേമെയ്ന്റായി നൽകാനും സർക്കാർ തീരുമാനിച്ചു. ശമ്പള വർധന ആവശ്യപ്പെട്ട് സമരരംഗത്തായിരുന്ന 14 യൂണിയനുകളുമായി ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ക്ലെയും ഉന്നത ഉദ്യോഗസ്ഥരും എൻഎച്ച്എസ് നേതൃത്വവും നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ ഈ തീരുമാനത്തിൽ എത്തിയത്. ഏപ്രിൽ ഒന്നു മുതൽ ശമ്പള വർധന പ്രാബല്യത്തിൽ വരും.

സർക്കാർ തീരുമാനത്തെ അംഗീകരിച്ച് സമരരംഗത്തുനിന്നും പിന്മാറാൻ യൂണിയനുകൾ ജീവനക്കാരോട് ആവശ്യപ്പെടും. ഡോക്ടർമാർ ഒഴികെയുള്ള എല്ലാ എൻഎച്ച്എസ് സ്റ്റാഫിനും ഈ ശമ്പള വർധന ബാധകമായിരിക്കും. ഡോക്ടർമാരുടെ കരാർ വ്യവസ്ഥകൾ വ്യത്യസ്തമായതിനാലാണ് ഇവർക്ക് ഇതു ബാധകമല്ലാത്തത്. നഴ്സുമാർ, ആംബുലൻസ് ജീവനക്കാർ, മിഡ്വൈഫുമാർ, ഫിസിയോകൾ, ക്ലീനർമാരും പോർട്ടർമാരും ഉൾപ്പെടെയുള്ള സപ്പോർട്ട് സ്റ്റാഫ് എന്നിവരുടെയെല്ലാം പ്രതിനിധികളായ 14 യൂണിയനുകളാണ് സർക്കാരുമായുള്ള ചർച്ചകളിൽ പങ്കെടുത്തത്.

റോയൽ കോളജ് ഓഫ് നഴ്സിംങ്, യൂണിസെൻ, ജിഎംബി എന്നീ പ്രമുഖ സംഘടനകൾ സംയുക്തമായി സമരരംഗത്ത് ഇറങ്ങിയതോടെയാണ് സർക്കാർ ചർച്ചകൾക്ക് തയാറായി മുന്നോട്ടു വന്നത്. നഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ സമരങ്ങൾ എൻഎച്ച്എസിന്റെ പ്രവർത്തനം അവതാളത്തിലാക്കിയിരുന്നു. തികച്ചും ന്യായമായ ആവശ്യങ്ങളെ അവഗണിച്ച് സർക്കാരാണ് പ്രശ്നം ഇത്രയേറെ സങ്കീർണമാക്കി മാറ്റിയതെന്ന് യൂണിയനുകൾ ആരോപിച്ചു.

നഴ്സുമാർ ഉൾപ്പെടെയുള്ള എൻഎച്ച്എസ് സ്റ്റാഫിന് ശരാശരി 100 മുതൽ 300 പൗണ്ടുവരെ പ്രതിമാസം ശമ്പള വർധന ലഭിക്കുന്ന തീരുമാനമാണ് ഇന്നുണ്ടായിരിക്കുന്നത്. പേ അവാർഡായി ലഭിക്കുന്ന തുകയിലും ബാൻഡ് അനുസരിച്ചും നിലവിലെ ശമ്പള സ്കെയിൽ അനുസരിച്ചും മാറ്റങ്ങളുണ്ടാകും. ഒരു വർഷത്തോളമായി ശമ്പള വർധന ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ വിവിധ യൂണിയനുകൾ പ്രക്ഷോഭത്തിലും സമരരംഗത്തുമായിരുന്നു. ഇതിനെല്ലാമാണ് പ്രഖ്യാപനത്തിലൂടെ താൽകാലിക ശമനമാകുന്നത്.

എൻഎച്ച്എസ് നഴ്സുമാർക്കും അവരെ മുന്നിൽ നിന്ന് നയിച്ച റോയൽ കോളജ് ഓഫ് നഴ്സിങ് (ആർസിഎൻ) എന്ന തൊഴിലാളി യൂണിയനും ഇനി അഭിമാനിക്കാം. കാരണം ഡിസംബർ 15 ന് ആരംഭിച്ച നഴ്സിങ് ജീവക്കാരുടെയും അവരെ മുന്നിൽ നിന്ന് നയിച്ച ആർസിഎൻ എന്ന യൂണിയന്റെയും പണിമുടക്കിന്റെ ചുവട് പിടിച്ച് ഇതര സംഘടനകൾ സമര രംഗത്ത് എത്തിയത്.

പണിമുടക്കുകളുടെ തുടക്കം മുതൽ ശമ്പള വർധന നൽകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു പ്രധാന മന്ത്രി ഋഷി സുനകും ഹെൽത്ത്‌ സെക്രട്ടറി സ്റ്റീവ് ബാർക്ലേയും. പണിമുടക്കുകളെ വിവിധ ഘട്ടങ്ങൾ പിന്നിടുമ്പോഴും ഗൗനിക്കാതെയിരുന്ന സർക്കാരിനെ മറ്റ് ജീവനക്കാരുടെ സംഘടനകളെ കൂടി ഒപ്പം നിർത്തി സമ്മർദ്ദത്തിലാക്കാനും കഴിഞ്ഞ ദിവസത്തെ ശമ്പള വർധന പ്രഖ്യാപനത്തിൽ എത്തിക്കാനും നഴ്സുമാരുടെ യൂണിയന് കഴിഞ്ഞു. നഴ്സിങ് ജീവനക്കാരുടെ പണിമുടക്കിന്റെ ചുവട് പിടിച്ചാണ് ആംബുലൻസ് ജീവനക്കാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, മിഡ്‌വൈവ്സ് എന്നിവരുടെ യൂണിയനുകൾ ഉൾപ്പടെ 14 യൂണിയനുകൾ പണിമുടക്ക് രംഗത്ത് എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.