1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2022

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കോവിഡ് മഹാമാരി മൂലമുള്ള ചികിത്സാ കാലതാമസം പരിഹരിക്കാൻ പുതിയ19 ഡയഗ്നോസ്റ്റിക് സെന്ററുകൾ കൂടി കമ്മ്യൂണിറ്റികളിൽ സ്ഥാപിക്കുമെന്നു സർക്കാർ അറിയിച്ചു. ഇതിനകം തുറന്ന 91 ഡയഗ്നോസ്റ്റിക് സെന്ററുകൾ വിജയകരമായി പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ വേനൽക്കാലം മുതൽ 24 ലക്ഷത്തിലധികം ടെസ്റ്റുകളും ചെക്കുകളും സ്കാനുകളും ഇവിടെ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

പുതിയ കേന്ദ്രങ്ങൾ രോഗികൾക്കുള്ള സേവനങ്ങൾ വേഗത്തിലാക്കുമെന്നും അതുവഴി കാത്തിരിപ്പ് സമയം കുറയ്ക്കാനും കഴിഞ്ഞേക്കും. ബ്രിട്ടനിൽ 70 ലക്ഷം ആളുകൾ ഇപ്പോൾ ആശുപത്രി ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. ഇംഗ്ലണ്ടിലെ സാധാരണ ഓപ്പറേഷനുകൾക്കായി രണ്ട് വർഷത്തിലധികം കാത്തിരിക്കുന്നവരുടെ എണ്ണം ജനുവരി മുതൽ ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഒരു വർഷത്തിലേറെയായി കാത്തിരിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല.

ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് സ്വകാര്യമേഖലയിലെ ശേഷി കൂടി ഉപയോഗപ്പെടുത്താൻ സഹായിക്കുന്നതിന് അക്കാദമിക് വിദഗ്ധരും ആരോഗ്യ വിദഗ്ധരും അടങ്ങുന്ന ഒരു ടാസ്‌ക്ഫോഴ്‌സ് ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ നിർദ്ദേശ പ്രകാരം രൂപീകരിച്ചു. കഴിഞ്ഞ ദിവസം നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിൽ ടാസ്ക് ഫോഴ്സിന്റെ യോഗം ചേർന്നിരുന്നു.

രോഗികളുടെ കണ്ണ്, കാൽമുട്ട്, ഇടുപ്പ് എന്നിവയ്ക്കുള്ള ഓപ്പറേഷനുകളുടെ എണ്ണം വേഗത്തിലാക്കാനും ആശുപത്രി തിയേറ്ററുകൾ, ഐ പി, ഒ പി ക്രമീകരണങ്ങളുടെ ഉപയോഗം പരമാവധിയാക്കാനുമുള്ള സ്വകാര്യ ആശുപത്രികളുമായുള്ള സഹകരണം എന്നിവ ടാസ്ക് ഫോഴ്സിന്റെ മുഖ്യ പരിഗണനയിൽ ഉണ്ട്‌. ചികിത്സയ്ക്കായുള്ള ബ്രിട്ടൻ ജനതയുടെ കാത്തിരിപ്പിന് അവസാനം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്ന് ടാസ്ക് ഫോഴ്സ് അധികൃതർ പറഞ്ഞു.

പുതിയ സംവിധാനത്തിൽ ജിപിമാർക്ക് രോഗികളെ കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകളിലേക്ക് റഫർ ചെയ്യാൻ കഴിയും. അതിലൂടെ അവർക്ക് ജീവൻ രക്ഷാ ചെക്കുകളും സ്കാനുകളും നടത്താനും ആശുപത്രിയിലേക്ക് യാത്രചെയ്യാതെ തന്നെ രോഗനിർണയം നടത്താനും കഴിയും. 2023 ഏപ്രിൽ മാസത്തോടെ ഭാഗികമായും 2025 ഏപ്രിൽ മാസത്തോടെ പൂർണ്ണമായും ചികിത്സ ആവശ്യമായവരുടെ കാത്തിരിപ്പ് ഇല്ലാതാക്കാൻ കഴിഞ്ഞേക്കുമെന്നാണ് ബ്രിട്ടൻ സർക്കാരിന്റെ പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.