1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2015

ചികിത്സയില്‍ വരുന്ന പിഴവുകള്‍ കൊണ്ട് പരുക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് എന്‍എച്ച്എസില്‍ ഇപ്പോള്‍ സ്ഥിരം സംഭവമാണ്. നിലവിലെ കണക്കുകള്‍ പ്രകാരം എന്‍എച്ച്എസ് ഒരോ ആഴ്ച്ചയിലും മൂന്ന് പേരെ വീതം നഷ്ടപരിഹാരം നല്‍കി ലക്ഷാധിപതികളാക്കുന്നുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഒരു മില്യണോ അതിലേറെയോ നഷ്ടപരിഹാരം ലഭിച്ച 738 കേസുകളാണുണ്ടായത്. ആശുപത്രി ഡോക്ടര്‍മാരുടെയോ നേഴ്‌സുമാരുടെയോ ആംബുലന്‍സ് ഡ്രൈവര്‍മാരുടെയോ പിഴവുകൊണ്ടാണ് നഷ്ടപരിഹാരം നല്‍കേണ്ടി വന്നിട്ടുള്ളത്.

ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവര്‍ക്ക് പുതിയ രോഗങ്ങളും മറ്റും സമ്മാനിക്കുന്നത് അപഹാസ്യമാണെന്ന് ടാക്‌സ്‌പെയേഴ്‌സ് അലയന്‍സ് ഡയറക്ടര്‍ ജോണ്‍ ഓ കെന്നല്‍ പറഞ്ഞു. ‘ആരോഗ്യ പ്രവര്‍ത്തകര്‍ കുറച്ച് കൂടി ശ്രദ്ധ ഇക്കാര്യത്തില്‍ കാണിക്കണം. അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ശ്രമിക്കണം. നഷ്ടപരിഹാരം ഓരോ തവണയും കൂടിക്കൂടി വരികയാണ് ചെയ്യുന്നത്’ അദ്ദേഹം പറഞ്ഞു.

ഗര്‍ഭാവസ്ഥയില്‍ ശരിയായ പരിചരണം ലഭിക്കാതിരുന്നതിനാല്‍ ജനിച്ച ശിശുക്കള്‍ക്ക് സെറിബ്രല്‍ പാല്‍സി പിടിപ്പെട്ട 600 സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ കേസുകളിലെല്ലാം നഷ്ടപരിഹാരവും എന്‍എച്ച്എസിന് നല്‍കേണ്ടി വന്നിട്ടുണ്ട്. ഗര്‍ഭാവസ്ഥയിലുള്ള ശുശ്രൂഷയുടെ പോരായ്മയോ പ്രസവ സമയത്തുള്ള ചികിത്സാ പിഴവോ ആണ് സെറിബ്രല്‍ പാല്‍സി ഉണ്ടാകാന്‍ കാരണം.

ആവശ്യമില്ലാതെ അവയവ ഭാഗങ്ങള്‍ മുറിച്ചു നീക്കേണ്ടി വന്ന 53 കേസുകളും, മാനസിക വൈകല്യമുണ്ടായ ഏഴ് കേസുകളും, കാഴ്ച്ച ശക്തിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ട മൂന്ന് കേസുകള്‍ വീതവും എന്‍എച്ച്എസിന്റെ നഷ്ടപരിഹാര പട്ടികയിലുണ്ട്.

എന്‍എച്ച്എസ് ഓരോ ആഴ്ച്ചയിലും ചികിത്സിക്കുന്നത് ലക്ഷ കണക്കിന് ആളുകളെയാണ്, ഇതെല്ലാം തന്നെ ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സയുമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ പിഴവുകള്‍ സംഭവിക്കും. അങ്ങനെ സംഭവിക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുക എന്നത് എന്‍എച്ച്എസിന്റെ ഉത്തരവാദിത്വമാണെന്ന് എന്‍എച്ച്എസ് വക്താവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.