1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2023

സ്വന്തം ലേഖകൻ: ഒക്ടോബർ അവസാനത്തോടെ ബ്രിട്ടൻ വിന്റർ ടൈമിലേക്ക് കടന്നു. രാജ്യത്തെ ഏറ്റവുംവലിയ ആഘോഷമായ ക്രിസ്മസ് – ന്യൂ ഇയർ സീസണെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ജനങ്ങളും കച്ചവടക്കാരും.

യുകെ ആരോഗ്യമേഖലയുടെ നട്ടെല്ലായ എൻഎച്ച്എസ് ആകട്ടെ മഞ്ഞുകാലത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലും. മലയാളി നഴ്സുമാർ അടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാർ എൻഎച്ച്എസിന്റെ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ പലവിധ തസ്തികകളിൽ ജോലിചെയ്യുന്നു.

എൻഎച്ച്എസിനെ സംബന്ധിച്ച് ഇക്കൊല്ലത്തെ മഞ്ഞുകാലം അല്പം ആശ്വാസത്തിന്റേതാണെന്ന് പറയാം. കോവിഡിന്റെയും മഞ്ഞുകാല ഫ്ലൂവിന്റെയും വലിയ ഭീഷണി ഇത്തവണയില്ല എന്നതുതന്നെ കാരണം.

ഓട്ടം സീസണിൽ തന്നെ കോവിഡിനും മഞ്ഞുകാല ഫ്ലൂവിനുമുള്ള വാക്സിനുകൾ ഒരുപരിധിവരെ ആരോഗ്യ ഭീഷണി നേരിടുന്ന എല്ലാവർക്കും നൽകാനായി എന്നതാണ് പകർച്ചവ്യാധികളെ അകറ്റി നിർത്തുന്നത്. അതിന്റെ ആത്മവിശ്വാസത്തിലാണ് എൻഎച്ച്എസും ആരോഗ്യ മേധാവികളും.

അതേസമയം ഈ വർഷത്തെ മഞ്ഞുകാലം അതിശൈത്യത്തിന്റേത് ആയേക്കുമെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഡിസംബറോടെ മാത്രമേ അതിശൈത്യവും അതിനൊപ്പം മഞ്ഞുകാല ഫ്ലൂവും എത്രമാത്രം കഠിനമാകുമെന്ന് പറയാനാകൂ.

രോഗികൾക്കൊപ്പം നഴ്സുമാരും ഹെൽത്ത് കെയർ സ്റ്റാഫുമാരും അടക്കമുള്ള ആശുപത്രി ജീവനക്കാർക്കും ഫ്ലൂ പടർന്നു പിടിക്കും എന്നതാണ് ശൈത്യകാലത്ത് സാധാരണ വെല്ലുവിളി ഉയർത്തിവരുന്ന മറ്റൊരു പ്രശ്നം. സ്റ്റാഫുകൾ എല്ലാവരും നിർബന്ധമായും രണ്ടു വാക്സിനുകളും എടുക്കണമെന്ന് എൻഎച്ച്എസ് നിഷ്കർഷിച്ചിട്ടുണ്ട്. പ്രത്യേക ആരോഗ്യ പ്രശ്നങ്ങളോ മറ്റ് കാരണങ്ങളോ ഉള്ളവരെ മാത്രമാണ് ഇതിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്,

അതുപോലെ കെയർ ഹോമുകളെ സംബന്ധിച്ച് അന്തേവാസികൾക്ക് അവിടെയുള്ള സ്റ്റാഫുകൾ തന്നെ വാക്സിനുകൾ നൽകുന്ന പരീക്ഷണവും ഈ സീസണിൽ നടക്കും. ഇതുമൂലം വൃദ്ധ രോഗികളെ ആശുപത്രികളിലേക്കും ജി പി ക്ലിനിക്കുകളിലേക്കും കൊണ്ടുപോകേണ്ട ബുദ്ധിമുട്ടുകൾ ഒഴിവായിക്കിട്ടും.

എന്നാൽ വരുംമാസങ്ങളിൽ എൻഎച്ച്എസ് ആശുപത്രികൾ അത്യാവശ്യമല്ലാത്ത നിരവധി ഓപ്പറേഷനുകൾ ക്യാൻസൽ ചെയ്തേക്കുമെന്നും കരുതുന്നു. എൻ എച്ച് എസ് ട്രസ്റ്റുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണം.

ജീവനക്കാരുടെ സമരച്ചെലവ് നികത്താൻ 1 ബില്യൺ പൗണ്ടിനുള്ള എൻഎച്ച്എസ് അപേക്ഷ മന്ത്രിമാർ നിരസിച്ചതിനെ തുടർന്നാണ് അടുത്ത ഏതാനും മാസങ്ങളിൽ ആശുപത്രികൾ അടിയന്തരമല്ലാത്ത ഓപ്പറേഷനുകളുടെ എണ്ണം കുറയ്ക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയും അടിയന്തരമില്ലാത്ത ശസ്ത്രക്രിയകൾ അടക്കമുള്ള ചികിത്സകൾ മാറ്റിവയ്ക്കുന്നതും തന്നെയാകും നിലവിലെ സാഹചര്യം അനുസരിച്ച് ഇക്കൊല്ലത്തെ മഞ്ഞുകാലത്ത് എൻഎച്ച്എസ് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രതിസന്ധി.

പ്രതീക്ഷിക്കുന്നതുപോലെ കോവിഡും നോറോ വൈറസും ഇക്കൊല്ലം കാര്യമായി പടർന്നുപിടിച്ചില്ലെങ്കിൽ, വർഷങ്ങൾക്കുശേഷം ക്രിസ്മസ് – ന്യൂ ഇയർ കാലം നന്നായി ആഘോഷിക്കാനും വേണമെങ്കിൽ ലീവ് എടുത്ത് കുടുംബസമേതം നാട്ടിൽ പോകാനും മലയാളി നഴ്സുമാർ അടക്കമുള്ള യുകെയിലെ ആരോഗ്യ മേഖല ജീവനക്കാർക്ക് കഴിഞ്ഞേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.