
സ്വന്തം ലേഖകൻ: എന്‍ എച്ച് എസ്. ജി പിമാരുടെ പുതുക്കിയ കരാര്‍ വ്യവസ്ഥകളില്‍, രോഗികള്‍ ആദ്യം വിളിക്കുമ്പോള്‍ തന്നെ അവര്‍ക്ക് അപ്പോയിന്റ്‌മെന്റോ റെഫറലോ നല്‍കണമെന്നു പുതിയ നിബന്ധന. ദിവസേന രാവിലെ 8 മണിക്ക് കണ്‍സള്‍ട്ടേഷന്‍ ബുക്ക് ചെയ്യുന്നതിനുള്ള തിരക്ക് ഒഴിവാക്കുവാനാണിത്.
അമിതമായ തിരക്ക് മൂലം, ബുക്കിംഗ് പൂര്‍ണ്ണമായിക്കഴിഞ്ഞാല്‍ പലരും വിളിക്കുന്നവരോട് അടുത്ത ദിവസം വിളിക്കുവാനാണ് ആവശ്യപ്പെടുന്നത്. വളരെ ചുരുക്കം ചിലര്‍ മാത്രമാണ് അടുത്ത ദിവസത്തേക്കുള്ള ബുക്കിംഗ് നല്‍കുന്നുള്ളു. ഇപ്പോള്‍ ഒരൊറ്റ കോളില്‍ തന്നെ രോഗികള്‍ക്ക് അപ്പോയിന്റ്‌മെന്റ് ലഭിക്കുകയോ, ഒരു ഫാര്‍മസിസ്റ്റിന്റെയോ ഫിസിയോതെറാപിസ്റ്റിന്റെയൊ അടുത്തേക്ക് റീഡയറക്ട് ചെയ്യപ്പെടുകയോ ചെയ്യപ്പെടാനുള്ള സൗകര്യം ലഭിക്കുകയാണ്.
എന്നാല്‍ ജി പി മാര്‍ ഇതിനെതിരെ സമരത്തിനൊരുങ്ങുകയാണ്. തികച്ചും അപമാനകരമാണ് ഈ പുതിയ വ്യവസ്ഥ എന്നാണ് അവര്‍ പറയുന്നത്. എന്‍ എച്ച് എസ് പുതിയ ഭാരം തലയില്‍ കെട്ടിവയ്ക്കുമ്പോഴും ആവശ്യത്തിനു ഫണ്ട് നല്‍കാന്‍ തയ്യാറാകുന്നില്ല എന്നും അവര്‍ പറയുന്നു. ഫോണിലൂടെയോ നേരിട്ടോ ജി പി മാരുമായി ബന്ധപ്പെടാനുള്ള കഷ്ടതകള്‍ കാരണം പൊതുജന സംതൃപ്തി തീരെ കുറഞ്ഞിരിക്കുന്നു എന്ന ഒരു സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.
ഇന്നലെ എന്‍ എച്ച് എസ് ഇംഗ്ലണ്ട് ജി പി മാര്‍ക്ക് അയച്ച കത്തിലാണ് പുതിയ നിബന്ധനയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ആദ്യത്തെ വിളിയില്‍ തന്നെ രോഗികള്‍ക്ക് ആവശ്യമായ സേവനം ഉറപ്പ് വരുത്തണം എന്നാണ് ഇതില്‍ നിര്‍ദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ അപ്പോയിന്റ്‌മെന്റിനായി വിളിക്കുമ്പോള്‍, പിന്നീറ്റ് വിളിക്കാന്‍ ആവശ്യപ്പെടാന്‍ ജി പിമാര്‍ക്ക് ആവില്ല. ചെറിയ രോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ ഒരു ഫാര്‍മസിസ്റ്റിന്റെ അടുത്തേക്കും പേശീ വേദനയുള്ളവരെ ഫിസിയോതെറാപിസ്റ്റിന്റെ സമീപത്തേക്കും അയച്ചേക്കും.
അതുപോലെ, അടിയന്തര ചികിത്സ ആവശ്യമുള്ളവരാണെങ്കില്‍ അവരെ എ ആന്‍ഡ് ഇ യിലെക്ക് റെഫര്‍ ചെയ്യും. അല്ലെങ്കില്‍ 999, 111 എന്നി നമ്പറുകളിലേക്ക് റീ ഡയറക്ട് ചെയ്യും. രോഗികളും, യോഗ്യതയുള്ള ജി പിമാരും തമ്മിലുള്ള അനുപാതം ഏറ്റവും ഉയര്‍ന്നിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. ചില കുടുംബ ഡോക്ടര്‍മാര്‍ 3000 രോഗികളെ വരെ ചികിത്സിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .
അടുത്ത മാസം മുതല്‍ നിലവില്‍ വരുന്ന പുതിയ കരാറില്‍, ജി പി മാര്‍ക്ക് നിശ്ചയിച്ചിരുന്ന ടാര്‍ഗറ്റുകള്‍ എടുത്തു കളഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഭരണനിയന്ത്രണപരമായ ചുമതലകള്‍ തീരെ കുറയുകയും തന്മൂലം രോഗികളുടെ ചികിത്സയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുകയും ചെയ്യും. എന്നാല്‍, പഴയ കരാര്‍ അവസാനിക്കുന്ന സമയത്ത് ജി പി മാര്‍ ആധുനിക ടെലെഫോണ്‍ സിസ്റ്റം വാങ്ങണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫോണ്‍ എന്‍ഗേജ് ആയിരിക്കുന്ന സമയത്ത് വരുന്ന വിളികള്‍ ക്യുവില്‍ നിര്‍ത്താന്‍ ആണിത്.
അതുപോലെ രോഗികളുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ എല്ലാം തന്നെ ഒക്‌ടോബര്‍ അവസാനത്തോടെ ഓണ്‍ലൈനില്‍ നല്‍കുമെന്ന് ഉറപ്പാക്കണം എന്നും നിര്‍ദ്ദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല