1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2024

സ്വന്തം ലേഖകൻ: ആരോഗ്യ മേഖലയിലെ 27,000 ഓളം വരുന്ന ജീവനക്കാര്‍ക്ക് ഈ ഏപ്രില്‍ മാസത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന 1600 പൗണ്ടിന്റെ ഒറ്റത്തവണ ധനസഹായം ലഭിക്കും. എന്‍ എച്ച് എസ് സ്ഥാപനങ്ങളിലെ ജീവനക്കാരല്ലാത്ത, എന്നാല്‍, എന്‍ എച്ച് എസ്സിന് വേണ്ടി ജോലി ചെയ്യുന്ന കമ്മ്യുണിറ്റി നഴ്സുമാര്‍, ഫിസിയോതെറാപിസ്റ്റുമാര്‍, ക്ലീനര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ഈ ബോണസ് ലഭിക്കുക. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് നടപ്പിലാക്കിയതിന് തുല്യമായ വേതനം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നതിനിടയിലാണ് ഈ ഒറ്റത്തവണ ബോണസ്.

കഴിഞ്ഞ വര്‍ഷം ഇഗ്ലണ്ടില്‍ എന്‍ എച്ച് എസ് നഴ്സുമാര്‍ക്കും മറ്റും 5 ശതമാനം ശമ്പള വര്‍ദ്ധനവിനോടൊപ്പം 1665 പൗണ്ടിന്റെ ഒറ്റത്തവണ ബോണസും പ്രഖ്യാപിച്ചിരുന്നു. ഇതിന് സമാനമായിട്ടാണ് ഇപ്പോള്‍ 1660 പൗണ്ട് ഒറ്റത്തവണ ബോണസ് നല്‍കുന്നത്. കഠിനാദ്ധ്വാനം ചെയ്യുന്ന ജീവനക്കാര്‍ക്ക് എന്‍ എച്ച് എസ് പേ ഡീലിനോട് സമാനമായ പ്രയോജനം ഇതുവഴി ലഭിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ അറ്റ്കിന്‍സ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു എന്‍ എച്ച് എസ് ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. എന്നാല്‍, ഇത് എന്‍ എച്ച് എസ്സിനു് വേണ്ടി മുന്നിരയില്‍ പ്രവര്‍ത്തിക്കുന്ന, എന്നാല്‍ എന്‍ എച്ച് എസ്സിന്റെ നേരിട്ടുള്ള ജീവനക്കാരല്ലാത്തവര്‍ക്ക് ബാധകമായിരുന്നില്ല. യൂണിയനുകള്‍ അംഗീകരിച്ച, അജണ്ട ഫോര്‍ ചേഞ്ച് എന്ന സിസ്റ്റത്തിനു കീഴില്‍ എന്‍ എച്ച് എസ്സ് ജീവനക്കാരുടേതിന് സമാനമായ കോണ്‍ട്രാക്റ്റിലാണ് ഇവരും ജോലിയില്‍ പ്രവേശിക്കുന്നത്. എന്നിറ്റൂകൂടി സമാനമായ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിരുന്നില്ല.

തുടര്‍ന്ന് 2023 നവംബറില്‍ സര്‍ക്കാര്‍ ഈ മേഖലയിലെ തൊഴിലുടമകളോട് തങ്ങള്‍ക്ക് അധിക വേതനം നല്‍കുന്നതിന് കഴിയില്ലെന്നും സഹായത്തിനായി അപേക്ഷിക്കുവാനും ആവശ്യപ്പെട്ടിരുന്നു. ഏതായാലും അത്തരം സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. തങ്ങള്‍ ഇതിനായി ഏറെ പോരാടിയിരുന്നു എന്ന് ഒരു തൊഴിലുടമ ഓര്‍മ്മിപ്പിക്കുന്നു.

അതേസമയം എന്‍ എച്ച് എസ്സിന് വേണ്ടി ജോലി ചെയ്യുന്ന, എന്നാല്‍ അജണ്ട ഫോര്‍ ചേഞ്ചിന് കീഴില്‍ അല്ലാത്ത സ്ഥാപനങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ സഹായം ലഭിക്കുകയില്ല. ഇത് നീതിപൂര്‍വ്വമായ ഒരു സമീപനമല്ല എന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ആരോഗ്യ മേഖലയില്‍ മുന്‍നിരയില്‍ തന്നെ പ്രവര്‍ത്തിക്കുന്നവരാണ് ഇവരും.

അതുപോലെതന്നെ ഹോസ്പിറ്റലുകളിലെ താത്ക്കാലിക ഒഴിവുകള്‍ നികത്താന്‍ സഹായിക്കുന്ന ബാങ്ക് സ്റ്റാഫിനും ഈ ആനുകൂല്യം ലഭിക്കുകയില്ല. സ്‌കോട്ട്ലാന്‍ഡ്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്ക് പ്രത്യേക വേതന പാക്കേജുകളായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.