
സ്വന്തം ലേഖകൻ: എൻഎച്ച്എസ് ആശുപത്രികളിലെ ആക്സിഡന്റ് ആൻഡ് എമർജൻസി യൂണിറ്റുകളിലെ തിരക്ക് പരിഹരിക്കാനും ആംബുലന്‍സ് സേവനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് രോഗികളെ ആശുപത്രികളിലെ കാര്‍ പാര്‍ക്കുകളില്‍ തയാറാക്കുന്ന ക്യാബിനുകളില്‍ ചികിത്സിക്കാന്‍ പദ്ധതി. ആഴ്ചകള്‍ക്കുള്ളില്‍ 50 മില്ല്യൻ പൗണ്ട് നല്കി ആശുപത്രികള്‍ താല്‍ക്കാലിക മോഡുലാര്‍ യൂണിറ്റുകള്‍ വാടകയ്ക്ക് എടുത്തോ വാങ്ങിയോ കപ്പാസിറ്റി വർധിപ്പിക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ പറഞ്ഞു.
ഇതിന്റെ ഭാഗമായി എന്‍എച്ച്എസ് മോഡുലാര്‍ യൂണിറ്റുകളുടെ അംഗീകരിച്ച ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. 70 കളിലും 80 കളിലും കൂടുതല്‍ വിദ്യാർഥികളെ ഉള്‍ക്കൊള്ളിക്കാനായി ബ്രിട്ടനിലെ സ്കൂള്‍ ഗ്രൗണ്ടുകളിൽ ഇത്തരം യൂണിറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ യൂണിറ്റുകളില്‍ അധിക ബെഡുകളും, ചെയറുകളും ഉള്‍പ്പെടുത്തിയാല്‍ ചികിത്സിക്കാനും നിരീക്ഷിക്കാനും ഡോക്ടറെ കാണാന്‍ കാത്തിരിക്കാനും വീട്ടിലേക്ക് എളുപ്പത്തില്‍ മടക്കി അയയ്ക്കാനും സാധിക്കും.
രോഗികളെ എളുപ്പത്തില്‍ അഡ്മിറ്റ് ചെയ്യാനും ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിൽ സ്ഥലം ഒഴിവാക്കി എടുക്കാനും കഴിയുന്നതോടെ ആംബുലൻസുകൾക്ക് രോഗികളുമായി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥ ഒഴിവാകും. എന്‍എച്ച്എസിൽ ഇപ്പോൾ എമര്‍ജന്‍സി കെയര്‍ അപര്യാപ്തമാണെന്ന് സ്റ്റീവ് ബാർക്ലേ പാർലമെന്റിൽ സമ്മതിച്ചു.
പത്ത് വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം ഫ്ലൂ സീസണാണ് വിന്ററിനെ കൂടുതല്‍ കടുപ്പമാക്കി മാറ്റിയത്. കെയര്‍ ഹോമുകളില്‍ ആയിരക്കണക്കിന് അധിക ബെഡുകൾ ലഭ്യമാക്കാന്‍ 200 മില്ല്യൻ പൗണ്ട് വരെ നൽകും. എന്‍എച്ച്എസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള വിവിധ നടപടികള്‍ പാർലമെന്റിൽ പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല