1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2024

സ്വന്തം ലേഖകൻ: എന്‍ എച്ച് എസില്‍ കറുത്ത വര്‍ഗ്ഗക്കാരും മറ്റ് വംശീയ ന്യുനപക്ഷങ്ങളും കടുത്ത വിവേചനം നേരിടുന്നു എന്ന് ഗവേഷണ റിപ്പോര്‍ട്ട്. അധികൃതര്‍ ഗൗരവകരമായ ഇടപെടല്‍ നടത്തേണ്ട അടിയന്തര സാഹചര്യമാണ് എന്‍ എച്ച് എസ്സില്‍ നിലനില്‍ക്കുന്നതെന്ന് സൂചിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് ആണിത്. മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരും മനുഷ്യാവകാശചാരിറ്റിയായ ബ്രാപ്പും സംയുക്തമായി നടത്തിയ പഠനത്തില്‍ വംശീയ മുന്‍-വിധികളോടുള്ള പെരുമാറ്റങ്ങള്‍ ഏറുന്നു എന്നു പറയുന്നു.

”ടൂ ഹോട്ട് ടു ഹാന്‍ഡില്‍: ആന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഇന്‍ടു റേസിസം ഇന്‍ ദി എന്‍ എച്ച് എസ്” എന്ന 61 പേജ് വരുന്ന റിപ്പോര്‍ട്ട് കറുത്തവര്‍ഗ്ഗക്കാരും മറ്റ് ന്യുനപക്ഷ വംശങ്ങളില്‍ ഉള്‍പ്പെടുന്നവരുമായ ജീവനക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും അത് പരിഹരിക്കുന്നതിനും എന്‍ എച്ച് എസ് പരാജയപ്പെട്ടിരിക്കുന്നു എന്ന് പറയുകയാണ്.

അവഗണിക്കപ്പെടുക, പ്രതിരോധത്തിലാക്കുക, തൊഴിലുടമയില്‍ നിന്നും പ്രശ്നങ്ങള്‍ നേരിട്ടാല്‍ അവയെ ചെറുതാക്കി കാണിക്കുക തുടങ്ങിയവയൊക്കെ പതിവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1,300 ഓളം എന്‍ എച്ച് എസ് ജീവനക്കാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വേയെ കൂടി ആശ്രയിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വംശീയ വിവേചനം അനുഭവിച്ചിട്ടുണ്ടോ എന്നായിരുന്നു സര്‍വ്വേയില്‍ പങ്കെടുത്തവരോട് ചോദിച്ചത്.

പങ്കെടുത്തവരില്‍, യുകെയില്‍ പരിശീലനം നേടിയ ജീവനക്കാരില്‍ 71 ശതമാനം പേരും ഏതെങ്കിലും വിധത്തിലുള്ള വംശീയ വിവേചനം നേരിട്ടിട്ടുണ്ട് എന്ന് പറഞ്ഞു. 63 ശതമാനം പേര്‍ പറഞ്ഞത് അവരുടെ തൊഴിലിടത്തെ പ്രകടനം, സമാനമായ തസ്തികയില്‍ ജോലി ചെയ്യുന്ന വെള്ളക്കാരുടെ പ്രകടനത്തേക്കാല്‍ കര്‍ശനമായ മാനദണ്ഡങ്ങളോടെ വിലയിരുത്തപ്പെടുന്നു എന്നായിരുന്നു. പകുതിയിലധികം പേര്‍ (52 ശതമാനം) പറഞ്ഞത് അവര്‍ക്ക് തൊഴിലില്‍ വളരാനുള്ള അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നായിരുന്നു.

53 ശതമാനം പേര്‍ പറഞ്ഞത് തങ്ങളുടെ സഹപ്രവര്‍ത്തകരോ രോഗികളോ, ഒരാളെ കുറിച്ച് അയാളുടെ വംശത്തിന്റെ അടിസ്ഥാനത്തില്‍ ചില അനുമാനങ്ങളില്‍ എത്തിച്ചേര്‍ന്നതിന്റെ അനുഭവങ്ങള്‍ ഉണ്ടെന്നായിരുന്നു. 49 ശതമാനം പേര്‍ അവര്‍ക്ക് ഉദ്യോഗക്കയറ്റം നിഷേധിച്ചതായും പറഞ്ഞു. സഹപ്രവര്‍ത്തകര്‍ പരുക്കന്‍ ഭാഷയില്‍ സംസാരിക്കുന്നു എന്ന് മൂന്നിലൊന്ന് പേര്‍ പരാതിപ്പെട്ടപ്പോള്‍, നാലിലൊന്ന് പേര്‍ പറഞ്ഞത് രോഗികളില്‍ നിന്നും വംശീയ വിവേചനം അനുഭവിച്ച സമയങ്ങളില്‍ ആരും സഹായത്തിനെത്തിയില്ല എന്നായിരുന്നു.

പരാതിപ്പെട്ടാലും ഫലമില്ല എന്ന വിശ്വാസത്തില്‍ ഭൂരിഭാഗം പേരും വിവേചനങ്ങള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാറില്ല എന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഇതിനെതിരെ പ്രതികരിച്ചാല്‍ തങ്ങളെ കുഴപ്പക്കാരായി ചിത്രീകരിക്കും എന്നും അവര്‍ ഭയപ്പെടുന്നു. അധികൃതരില്‍ നിന്നും അടിച്ചമര്‍ത്തലുകള്‍ ഉണ്ടായേക്കാം എന്ന ആശങ്കയും ഇവര്‍ക്കുണ്ട്. പരാതികള്‍ ഉന്നയിച്ചവരില്‍ വെറും 5 ശതമാനം പേര്‍ക്ക് മാത്രമാണ് തൃപ്തികരമായ രീതിയിലുള്ള പ്രതികരണം അധികൃതരില്‍ നിന്നും ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.