സ്വന്തം ലേഖകൻ: ശനിയാഴ്ച മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ അടുത്ത സമര പരമ്പര ആരംഭിക്കാനിരിക്കെ കഴിഞ്ഞ തവണത്തെ സമരങ്ങള്‍ക്കിടയില്‍ ഉണ്ടായ ദുരിതത്തിന്റെ കണക്കുകള്‍ പുറത്ത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ കഴിഞ്ഞ സമരങ്ങള്‍ക്കിടെ 7000-ലേറെ കാന്‍സര്‍ ഓപ്പറേഷനുകള്‍ മുടങ്ങുകയോ മാറ്റിവയ്ക്കുകയോ ചെയ്തതായി എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
മാരകമായ കേസുകളില്‍ പോലും ഓപ്പറേഷനുകള്‍ തടസ്സപ്പെട്ടതായാണ് എന്‍എച്ച്എസ് രേഖകള്‍ ചോര്‍ന്നതോടെ വ്യക്തമാകുന്നത്. ഡോക്ടര്‍മാര്‍ കൂടുതല്‍ സമരങ്ങള്‍ക്ക് ഇറങ്ങാന്‍ ഒരുങ്ങുന്ന ഘട്ടത്തിലാണ് കാന്‍സര്‍ സര്‍ജറികള്‍ 27 ശതമാനം കുറഞ്ഞതായി വെളിപ്പെടുന്നത്.
ശ്വാസകോശം, തല, കഴുത്തിലെ ട്യൂമറുകള്‍ പോലുള്ള സമയം പാഴാക്കിയാല്‍ മാരകമായി മാറുന്ന അവസ്ഥകളില്‍ പോലും ഡോക്ടര്‍മാര്‍ ഇടപെട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. ഈ കാലതാമസങ്ങള്‍ ട്യൂമറുകള്‍ വളരാനും, ശരീരത്തില്‍ വ്യാപിക്കാനും ഇടയാക്കുന്നതാണ്. എന്നാല്‍ ഇതിനിടയിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ 35 ശതമാനം ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സമരം ത്വരിതപ്പെടുത്തുന്നത്.
ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്കാണ് ഡോക്ടര്‍മാര്‍ ജോലി ഉപേക്ഷിക്കുന്നത്. ഗവണ്‍മെന്റ് സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ഈ നീക്കം. സമരങ്ങള്‍ മാരകമായി മാറുമ്പോള്‍ കാന്‍സര്‍ രോഗികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ഹെല്‍ത്ത് അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതുവരെ ഇത്തരമൊരു കരാറിന് ബിഎംഎ തയ്യാറായിട്ടില്ല.
സമര കാലയളവില്‍ നഷ്ടമായ പ്രൊസീജ്യറുകള്‍ നടത്തിയെടുക്കാന്‍ ആശുപത്രികള്‍ക്ക് രണ്ടാഴ്ചയോളം വേണ്ടിവന്നുവെന്നാണ് കണക്ക്. രോഗികള്‍ക്ക് അപകടകരമായി മാറാത്ത രീതിയില്‍ അടിയന്തര കാന്‍സര്‍ സര്‍ജറികള്‍ നടത്താന്‍ എന്‍എച്ച്എസ് കഠിനാധ്വാനം ചെയ്യുന്നതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ കാന്‍സര്‍ ഡയറക്ടര്‍ ഡെയിം കാലി പാല്‍മര്‍ പറയുന്നു.
ഫെബ്രുവരി 24 രാവിലെ 7 മുതല്‍ ഫെബ്രുവരി 28 അര്‍ദ്ധരാത്രി വരെയാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ അടുത്ത ഘട്ട പണിമുടക്ക്. ഇതോടെ അഞ്ച് ദിവസത്തേക്ക് സമരം നീളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല