1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2024

സ്വന്തം ലേഖകൻ: എന്‍എച്ച്എസ് സേവനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കടുത്ത അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍. കാത്തിരിപ്പ് പട്ടിക ഹിമാലയം പോലെ ഉയര്‍ന്നതും ഫണ്ടിന്റെ അപര്യാപ്തതയും ജീവനക്കാരുടെ കുറവും പ്രതിസന്ധി രൂക്ഷമാക്കി. 1948 ജൂലൈ 5-ാം തീയതി എന്‍എച്ച്എസ് ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും മോശം പൊതുജനാഭിപ്രായം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍എച്ച്എസ് സേവനങ്ങള്‍ ലഭിക്കുക എന്നത് ജനങ്ങള്‍ക്ക് വലിയ വെല്ലുവിളിയായിക്കൊണ്ടിരിക്കുന്ന സമയമാണ് ഇത്.

ഇംഗ്ലണ്ട്, സ്കോട്ട്‌ ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ 24 % ആളുകള്‍ മാത്രമാണ് എന്‍എച്ച്എസിന്റെ സേവനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റ്യൂഡിന്റെ ഗവേഷണത്തിലാണ് ഈ കണ്ടെത്തലുള്ളത്. ഇത് എല്ലാ കാലത്തെയും അപേക്ഷിച്ച് ഏറ്റവും കുറവാണ്.

2010 ല്‍ ഇപ്പോഴത്തെ ഭരണപക്ഷം അധികാരത്തിലെത്തിയപ്പോള്‍ എന്‍എച്ച്എസിനെ കുറിച്ച് 70% ആള്‍ക്കാരും തൃപ്തികരമായ അഭിപ്രായമാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് അത് 46% ആയി കുറഞ്ഞു. പിന്നീട് അത് പടിപടിയായി കുറഞ്ഞ് 24 ശതമാനത്തിലേക്ക് എത്തി.

യുകെയില്‍ ആസന്നമായ പൊതു തിരഞ്ഞെടുപ്പില്‍ എന്‍ എച്ച് എസ്സിന്റെ പ്രവര്‍ത്തനം ഭരണപക്ഷമായ ടോറി പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തലുകളുണ്ട്. പ്രത്യേകിച്ച് ലേബര്‍ പാര്‍ട്ടി എന്‍എച്ച്എസിനെ കുറിച്ചുള്ള പൊതുജന അഭിപ്രായം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്. അധികാരമേറ്റപ്പോള്‍ എന്‍എച്ച്എസ്സിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി റിഷി സുനക് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ എല്ലാ പുനരുദ്ധാരണ ശ്രമങ്ങളും വാഗ്ദാനങ്ങളും ജലരേഖയായതായി എന്‍എച്ച്എസ്സിലെ സമീപകാല പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്കുപോലും എന്‍ എച്ച് എസ് സേവനങ്ങള്‍ ലഭിക്കുന്നതിന് ഏറെനാള്‍ കാത്തിരിക്കേണ്ടി വരുന്നത് ജനങ്ങള്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. മതിയായ ജീവനക്കാരില്ലാത്തത് എന്‍എച്ച്എസിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു ഘടകമാണ്. ഏകദേശം 40,000 ഓളം നഴ്സുമാരുടെ കുറവു തന്നെ എന്‍എച്ച്എസില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.