1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2015

എന്‍എച്ച്എസില്‍ വരുത്തിയ പരിഷ്‌ക്കരണങ്ങള്‍ക്ക് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മാപ്പ് പറയണമെന്ന് എഡ് മിലിബാന്‍ഡ്. തെറ്റായ ദിശയിലേക്ക് വഴിനടത്തുന്നതും ഘടനാപരമായി തെറ്റായതുമായ പരിഷ്‌ക്കാരങ്ങളാണ് എന്‍എച്ച്എസില്‍ നടപ്പാക്കിയിരിക്കുന്നതെന്നുമുള്ള ആരോഗ്യ സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള എഡ് മിലിബാന്‍ഡിന്റെ പ്രസ്താവന.

എന്‍എച്ച്എസിനെ അടിമുടി അഴിച്ചു പണിയില്ലെന്ന് ഡേവിഡ് കാമറൂണ്‍ മുന്‍പ് സത്യം ചെയ്തിരുന്നതാണെന്നും ഇത് കാമറൂണ്‍ ലംഘിച്ചതായും എഡ് മിലിബാന്‍ഡ് ആരോപിച്ചു. എന്‍എച്ച്എസിന്റെയും രോഗശുശ്രൂഷയുടെയും തകര്‍ച്ചയിലേക്ക് വഴിവെയ്ക്കുന്നതാണ് കാമറൂണിന്റെ പരിഷ്‌ക്കാരങ്ങളെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മിലിബാന്‍ഡ് ആരോപിക്കുന്നു.

പരിശോധനാ ഫലങ്ങള്‍ക്കും, ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയിലും, ശസ്ത്രക്രിയക്കുമായി ജനങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നതിന്റെ ഉത്തരവാദിത്വം ഡേവിഡ് കാമറൂണിനാണെന്ന് ഇപ്പോള്‍ നമുക്ക് മനസ്സിലായി. ദേശീയ ആരോഗ്യ സേവന ദാതാക്കളെ നശിപ്പിച്ചതും, ജനങ്ങളുടെ വിശ്വാസ്യതയെ തകര്‍ത്തതിനും ഡേവിഡ് കാമറൂണ്‍ വ്യക്തിപരമായി മാപ്പ് പറയുകയാണ് ചെയ്യേണ്ടതെന്നും മിലിബാന്‍ഡ് പറഞ്ഞു.

കൊളീഷന്‍ ഗവണ്‍മെന്റ് അധികാരത്തില്‍ എത്തിയതിന് ശേഷം എന്‍എച്ച്എസില്‍ നടത്തിയ മാറ്റങ്ങളും പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്ത് കിംഗ്‌സ് ഫണ്ട്‌സാണ് 80 പേജുകളോളമുള്ള അവലോകന റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സാമ്പത്തികമായി മെച്ചപ്പെടുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട സമയത്ത് ഘടനാപരമായ വ്യതിയാനങ്ങള്‍ക്കാണ് എന്‍എച്ച്എസ് ആദ്യ മൂന്നു വര്‍ഷങ്ങളില്‍ ശ്രമിച്ചത്. ഇത് സ്ട്രാറ്റജിക്കല്‍ പിശകാണ്. വരുംതലമുറ ചരിത്രത്തെ വിലയിരുത്തുമ്പോള്‍ കൊളീഷന്‍ ഗവണ്‍മെന്റ് എന്‍എച്ച്എസിനോട് കാണിച്ച നീതിയില്ലായ്മ വിമര്‍ശിക്കപ്പെടുമെന്നും റിപ്പോര്‍ട്ട് പറഞ്ഞ് വെയ്ക്കുന്നു.

ഈ റിപ്പോര്‍ട്ടിന്റെയും കണ്ടെത്തലിന്റെയും അടിസ്ഥാനത്തിലാണ് ഡേവിഡ് കാമറൂണ്‍ മാപ്പ് പറയണമെന്ന് എഡ് മിലിബാന്‍ഡ് ആവശ്യപ്പെടുന്നത്. മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എന്‍എച്ച്എസിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്ന വാര്‍ത്ത ഡേവിഡ് കാമറൂണിന്റെ പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.