1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2023

സ്വന്തം ലേഖകൻ: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നതിനിടയില്‍, എന്‍ എച്ച് എസ്സിനെ പ്രശ്നത്തിലാക്കികൊണ്ട് നഴ്സസ് യൂണിയനും സമരത്തിലേക്ക് . ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എന്‍ എച്ച് എസ്സ് പേയ് റിവ്യു ബോര്‍ഡ് വൈകിക്കുന്നതിനാലാണിത്. പുതിയതായി നിയമിക്കപ്പെട്ട യു കെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറി, വിക്ടോറിയ ആറ്റ്കിന്‍സ് പേയ് റിവിഷന്‍ ബോര്‍ഡിനുള്ള കത്ത് പ്രസിദ്ധപ്പെടുത്തിയത്.

ഈ കത്തില്‍ നിന്നാണ് ശമ്പള വര്‍ദ്ധനവിന്റെ പ്രക്രിയകള്‍ ആരംഭിക്കുക. സാധാരണയായി ഇത് ശരത്ക്കാലത്താണ് പ്രസിദ്ധപ്പെടുത്തുക. അങ്ങനെയായാല്‍, യു കെ സര്‍ക്കാരിന്റെ വസന്തകാല ബജറ്റില്‍ ഇതിനുള്ള തുക ഉള്‍ക്കൊള്ളിക്കാനും ഏപ്രില്‍ മുതല്‍ ശമ്പള വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുത്താനും കഴിയും. എന്നാല്‍, പെയ് റിവിഷന്‍ ബോര്‍ഡ്, ഇടക്കാല ചെയര്‍മാന്‍ സ്റ്റീഫന്‍ ബോയ്ലിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആറ്റ്കിന്റെ കത്തില്‍ 2024 മേയ് മാസത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് പറയുന്നത്. അതായത്, പുതിയ ശമ്പളം പ്രാബല്യത്തില്‍ വരേണ്ടതിനും ഒരു മാസം കഴിഞ്ഞു.

മാത്രമല്ല, ശമ്പളവര്‍ദ്ധനവിനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നടപ്പാക്കാവുന്ന വിധത്തില്‍ ഉള്ളതായിരിക്കണം എന്നും കത്തില്‍ പറയുന്നുണ്ട്. ഏതായാലും, കത്ത് പ്രസിദ്ധപ്പെടുത്താന്‍ ആറ്റ്കിന്‍ കാലതാമസം വരുത്തിയതിനെതിരെ നഴ്സിംഗ് യൂണിയനുകള്‍ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. അതുവഴി ശമ്പള വര്‍ദ്ധനവ് കൃത്യസമയത്ത് ലഭിക്കില്ല എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രാബല്യത്തില്‍ വരാന്‍ വൈകിയാലും, ഏപ്രില്‍ മുതല്‍ പിന്‍കാല പ്രാബല്യത്തോടെയായിരിക്കും അത് നടപ്പിലാക്കുക.

കുറവ് വര്‍ദ്ധനവ് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ബോര്‍ഡിനെ സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു. ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട തങ്ങളുടെ സര്‍ക്കാരുമായുള്ള തര്‍ക്കം നിലനില്‍ക്കുകയാണെന്നും 2024-ല്‍ കൂടുതല്‍ സമരങ്ങള്‍ ഉണ്ടായേക്കാമെന്നും റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ജനറല്‍ സെക്രട്ടറി പാറ്റ് കല്ലന്‍ പറയുന്നു. സ്വതന്ത്രമായി നടക്കേണ്ടുന്ന ഒരു പ്രക്രിയയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി കൂച്ചുവിലങ്ങിട്ടിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ക്രിസ്മസ്, ന്യൂഇയര്‍ സമയത്ത് നടക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ മൂലം 300,000-ലേറെ എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാകുമെന്ന് കണക്കുകള്‍ വന്നു കഴിഞ്ഞു. മൂന്ന് ദിവസത്തെ പണിമുടക്കിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ സ്‌റ്റെതസ്‌കോപ്പ് താഴെവെച്ച് സമരമുഖത്താണ്. ഇതിന് ശേഷം ജനുവരി 3 മുതല്‍ ആറ് ദിവസം നീളുന്ന പണിമുടക്ക് കൂടി നടത്തുന്നതോടെ എന്‍എച്ച്എസ് സേവനങ്ങള്‍ താറുമാറാകും.

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും, മന്ത്രിമാരും ആഴ്ചകളായി നടത്തിവന്നിരുന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് തുടങ്ങിയത്. ഗവണ്‍മെന്റ് 2023/24 വര്‍ഷത്തേക്ക് ശരാശരി 8.8 ശതമാനം വര്‍ദ്ധനവാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഓഫര്‍ ചെയ്ത്. ഇത് അന്തിമമാണെന്ന് പറഞ്ഞെങ്കിലും പിന്നീട് ഹെല്‍ത്ത് സെക്രട്ടറി 3 ശതമാനം കൂടി വര്‍ദ്ധനയ്ക്ക് തയ്യാറായി. എന്നാല്‍ ഇത് പോരെന്ന് ആവര്‍ത്തിച്ചാണ് ബിഎംഎ സമരത്തിലേക്ക് നീങ്ങിയത്. 35% ത്തിൽ കുറഞ്ഞതൊന്നും പറ്റില്ലെന്നാണ് ബിഎംഎയുടെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.