
സ്വന്തം ലേഖകൻ: എൻ. എച്ച്. എസിലെ ജീവനക്കാർക്ക് 1% മാത്രം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച ബോറിസ് ജോൺസൺ സർക്കാരിനെതിരെ പ്രതിഷേധിച്ച നേഴ്‌സിന് ഗ്രെറ്റർ മാഞ്ചെസ്റ്റർ പോലീസ് നൽകിയത് പതിനായിരം പൗണ്ട് പിഴ. എന്നാൽ പിഴ തെറ്റായി നൽകിയെന്നാരോപിച്ച് യുകെയിലെ പ്രമുഖ അഭിഭാഷക സ്ഥാപനമായ ബിൻഡ്‌മാൻസ് നേഴ്‌സിനു വേണ്ടി നിയമയുദ്ധം നടത്താനുള്ള നീക്കങ്ങൾ തുടങ്ങി. കോവിഡ് കാലത്തുടനീളം ഒരു ഫ്രണ്ട് ലൈൻ നഴ്‌സായി ജോലി ചെയ്തിരുന്ന 61 കാരിയായ റെയ്‌സ്മാനാണ് പോലീസ് മാർച്ചിൽ പിഴ ചുമത്തിയത്.
തന്റെ പ്രതിഷേധത്തെക്കുറിച്ച് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിന് (ജിഎംപി) റിസ്ക് അസ്സസ്മെന്റ് നൽകുകയും പ്രതിഷേധം കോവിഡ് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. അതേസമയം മാഞ്ചസ്റ്റർ പോലീസിന്റെ നിയമലംഘനം ബോധ്യപ്പെട്ട ലണ്ടൻ നിയമ സ്ഥാപനമായ ബിൻഡ്‌മാൻസ്, റെയ്‌സ്മാന് വേണ്ടി കേസെടുത്ത് രംഗത്തെത്തുകയായിരുന്നു. ഇത് സംബന്ധിച്ച് ഏപ്രിൽ ഒന്നിന് മാഞ്ചസ്റ്റർ പൊലീസിന് അയച്ച കത്തിൽ പോലീസിന്റെ നിയമലംഘനം ചൂണ്ടിക്കാണിച്ച് പിഴ പിന്വലിക്കണെമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബലപ്രയോഗത്തിലൂടെ പ്രതിഷേധം അവസാനിപ്പിച്ച രീതി തെറ്റാണെന്നും പ്രതിഷേധം തുടരാൻ അനുവദിച്ചിരിക്കണമെന്നും പിഴ പിൻവലിക്കണമെന്നുമെന്നുള്ള ആവശ്യം മാഞ്ചെസ്റ്റർ പോലീസ് നിഷേധിച്ചു. ഇതേത്തുടർന്നാണ് സംഭവം നിയമ പോരാട്ടത്തിന് വഴിമാറിയത്. സർക്കാരിൻറെ പോലീസ്, കുറ്റകൃത്യം, ശിക്ഷ, കോടതി ബിൽ എന്നിവയുടെ പശ്ചാത്തലത്തിലാണ് റെസ്‌മാനെതിരെ പോലീസിന്റെ നടപടി. പുതിയ ബില്ലിൽ പോലീസിനെ അവരുടെ വിവേചനാധികാരം ഉപയോഗിക്കാൻ അനുവദിക്കുകയും പ്രതിഷേധക്കാരെ കുറ്റവാളികളാക്കുകയും ചെയ്യുന്ന വ്യവസ്ഥകളുണ്ടെന്ന് നിലവിൽ വിമർശനമുണ്ട്.
1% ശമ്പള വർദ്ധനവ് ശുപാർശ ചെയ്യാനുള്ള സർക്കാർ തീരുമാനത്തെത്തുടർന്ന് മാർച്ച് 7 നാണ് റെയ്‌സ്മാൻ പ്രതിഷേധം സംഘടിപ്പിച്ചത്. മാഞ്ചസ്റ്ററിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന റാലിയിൽ 40 ഓളം പേർ പങ്കെടുത്തു. സാമൂഹിക അകലം ഉറപ്പ് വരുത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പോലീസിന്റെ ഉദ്ദേശ്യം മറ്റ് നഴ്‌സുമാരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ നിന്ന് ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് റെയ്‌സ്മാൻ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല