
സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ ജീവനക്കാരുടെ കടുത്ത ക്ഷാമം പരിഹരിക്കുന്നതിന് അപ്രന്റീസ്ഷിപ്പ് വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി . ഇതിനായി സ്‌കൂള്‍ പഠനം കഴിഞ്ഞിറങ്ങുന്നവര്‍ക്കു ഓണ്‍-ദി-ജോബ് ട്രെയിനിംഗ് നല്‍കാനാണ് അധികൃതര്‍ പദ്ധതി തയ്യാറാക്കുന്നത്. അപ്രന്റീസ്ഷിപ്പ് വഴി ഹെല്‍ത്ത് സര്‍വ്വീസിലേക്ക് ആയിരക്കണക്കിന് ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും പരിശീലിപ്പിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി.
എന്‍എച്ച്എസ് വര്‍ക്ക്‌ഫോഴ്‌സ് പ്ലാന്‍ അനുസരിച്ച് വരും വര്‍ഷങ്ങളില്‍ പത്തിലൊന്ന് ഡോക്ടര്‍മാരെയും, കാല്‍ശതമാനം നഴ്‌സുമാരെയും വൊക്കേഷണല്‍ രീതിയില്‍ പരിശീലിപ്പിച്ചെടുക്കുകയാണ് ചെയ്യുക. എന്‍എച്ച്എസിന്റെ ഡോക്ടര്‍ അപ്രന്റീസ്ഷിപ്പ് സ്‌കീം സെപ്റ്റംബറില്‍ ആരംഭിക്കാന്‍ ഇരിക്കുകയാണ്. ഇതില്‍ പരിശീലനം നേടുന്നവര്‍ക്ക് പഠിക്കുമ്പോള്‍ തന്നെ വരുമാനവും ലഭിക്കും.
സാധാരണ അണ്ടര്‍ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ് യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകള്‍ക്ക് പകരമായി മെഡിസിനിലേക്ക് സമാന്തര റൂട്ട് കണ്ടെത്തുന്നതാണ് ഈ ആശയം. പഠനവും, പരിശീലനവും നല്‍കാനുള്ള നൂതന ആശയങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും മെഡിക്കല്‍ അപ്രന്റീസ്ഷിപ്പുകള്‍ക്ക് എത്രത്തോളം റിക്രൂട്ട്‌മെന്റ് പ്രതിസന്ധിയെ പരിഹരിക്കാന്‍ കഴിയുമെന്നത് ചോദ്യമായി അവശേഷിക്കുന്നുവെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വര്‍ക്ക് ഫോഴ്‌സ് ലീഡ് ഡോ. ലത്തീഫാ പട്ടേല്‍ പറഞ്ഞു.
പരമ്പരാഗത മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നേടുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനം അപ്രന്റീസ്ഷിപ്പിനും ലഭിക്കുന്ന വിധത്തില്‍ മെഡിക്കല്‍ ഡിഗ്രി പ്രോഗ്രാമുകള്‍ നല്‍കാന്‍ മെഡിക്കല്‍ സ്‌കൂളുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും സാധിക്കുമോയെന്ന് ഉറപ്പില്ലെന്ന് പട്ടേല്‍ ചൂണ്ടിക്കാണിക്കുന്നു. യൂണിവേഴ്‌സിറ്റിയില്‍ നഴ്‌സിംഗ് സീറ്റുകള്‍ ഫണ്ടിംഗോടെ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുമ്പോള്‍ മറിച്ചുള്ള ശ്രമങ്ങള്‍ ഗ്രാജുവേറ്റ് പ്രൊഫഷനെന്ന നിലയില്‍ രജിസ്റ്റേഡ് നഴ്‌സിംഗ് തസ്തികയെ അപകടത്തിലാക്കുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ചീഫ് നഴ്‌സ് പ്രൊഫ. നിക്കോള റേഞ്ചര്‍ ചൂണ്ടിക്കാട്ടുന്നു.
യൂണിവേഴ്‌സിറ്റി അടിസ്ഥാനമാക്കിയുള്ള നഴ്‌സിംഗ് ഗ്രാജുവേറ്റുകളുടെ ചെലവിലാകരുത് അപ്രന്റീസ്ഷിപ്പെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ എന്‍എച്ച്എസ്അപ്രന്റീസ്ഷിപ്പിലൂടെ പഠിക്കുമ്പോള്‍ വരുമാനം നേടാന്‍ സ്‌കൂള്‍ കഴിഞ്ഞിറങ്ങുന്നവരെ ക്ഷണിക്കുകയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് അമാന്‍ഡ പ്രിച്ചാര്‍ഡ്. നഴ്‌സിംഗ് മുതല്‍ ബയോമെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകള്‍ വരെ 350 വിവിധ റോളുകളിലായി 124,000 വേക്കന്‍സികള്‍ നിലവിലുണ്ട്. സ്‌കൂള്‍ വിട്ടിറങ്ങുമ്പോള്‍ തന്നെ വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്‌കീമില്‍ ചേരാമെന്ന് പ്രിച്ചാര്‍ഡ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല