
സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ പ്രധാന വെയ്റ്റിംഗ് ലിസ്റ്റ് അടുത്ത സമ്മറില്‍ 8 മില്ല്യണിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്. നിലവില്‍ വെയ്റ്റിംഗ് ലിസ്റ്റ് 7.75 മില്ല്യണ്‍ എന്ന റെക്കോര്‍ഡില്‍ എത്തിയിട്ടുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാരും, കണ്‍സള്‍ട്ടന്റുമാരും നടത്തുന്ന സമരങ്ങള്‍ കൊവിഡ് ബാക്ക്‌ലോഗ് പരിഹരിക്കാനുള്ള ശ്രമങ്ങളെ അട്ടിമറിക്കുന്നതായും ഹെല്‍ത്ത് ഫൗണ്ടേഷന്‍ നടത്തിയ ഗവേഷണങ്ങള്‍ സ്ഥിരീകരിക്കുന്നു.
സമരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ 210,000 പേര്‍ ഈ പട്ടികയില്‍ നിന്നും ഒഴിവാകുമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 2020 ഫെബ്രുവരിയില്‍ 4.6 മില്ല്യണ്‍ പേരാണ് ചികിത്സയ്ക്കായി കാത്തിരുന്നത്. എന്നാല്‍ മഹാമാരി കാലത്ത് കൊവിഡ് രോഗികള്‍ക്ക് മുന്‍ഗണന ലഭിച്ചതോടെ എന്‍എച്ച്എസ് പതിവ് ചികിത്സകള്‍ മാറ്റിവെയ്ക്കാന്‍ നിര്‍ബന്ധിതമായതോടെയാണ് കണക്കുകള്‍ കുതിച്ചത്.
നിലവിലെ അവസ്ഥയില്‍ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ പ്രധാനമന്ത്രി സുനാകും, എന്‍എച്ച്എസ് ഇംഗ്ലണ്ടും വിജയിക്കാനുള്ള സാധ്യത തീരെ കുറവാണെന്ന് അനാലിസിസ് വ്യക്തമാക്കുന്നു. 2024 അവസാനത്തില്‍ വെയ്റ്റിംഗ് ലിസ്റ്റ് ചുരുക്കാനുള്ള സാധ്യതകളാണ് പോളിസി വിദഗ്ധര്‍ പരിശോധിച്ചത്.
ഇപ്പോഴത്തെ ട്രെന്‍ഡ് പ്രകാരം കൂടുതല്‍ സമരങ്ങള്‍ ഒഴിവായാല്‍ 2024 ആഗസ്റ്റ് മാസത്തോടെ വെയ്റ്റിംഗ് ലിസ്റ്റ് 8 മില്ല്യണില്‍ എന്ന ഉന്നതിയില്‍ എത്തും. ശമ്പളത്തിന്റെ പേരിലുള്ള സമരങ്ങള്‍ തുടര്‍ന്നാല്‍ അടുത്ത വര്‍ഷം 180,000 പേര്‍ കൂടി പട്ടികയില്‍ കൂട്ടിച്ചേര്‍ക്കപ്പെടും. സമരങ്ങളുടെ പ്രത്യക്ഷമല്ലാത്ത തിരിച്ചടിയായി എന്‍എച്ച്എസ് സാമ്പത്തികമായി ഞെരുക്കത്തിലാകുകയും, സേവനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്നും ശ്രദ്ധ തെറ്റുകയും ചെയ്യുമെന്ന് അനാലിസിസ് ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല