സ്വന്തം ലേഖകൻ: നഴ്‌സുമാരും, പാരാമെഡിക്കുകളും ഉള്‍പ്പെടെ 1 മില്ല്യണിലേറെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ധന അക്കൗണ്ടിലെത്തി. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഓഫര്‍ തള്ളിക്കളഞ്ഞെങ്കിലും അജണ്ട ഫോര്‍ ചേഞ്ച് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെട്ട യോഗ്യരായ ജോലിക്കാരില്‍ നഴ്‌സുമാരും ഉള്‍പ്പെടുന്നതിനാല്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച ശമ്പളവര്‍ദ്ധന ലഭിച്ചു.
നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍, 999 കോള്‍ ഹാന്‍ഡ്‌ലര്‍മാര്‍, മിഡ്‌വൈഫ്, സെക്യൂരിറ്റി ഗാര്‍ഡ്, ക്ലീനര്‍ തുടങ്ങി അജണ്ട ഫോര്‍ ചേഞ്ച് കോണ്‍ട്രാക്ടിലുള്ള ജോലിക്കാര്‍ക്കാണ് ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളവര്‍ദ്ധന ലഭിക്കുന്നത്. ഈ പാക്കേജ് പ്രാബല്യത്തില്‍ വരുന്നതോടെ പുതുതായി ക്വാളിഫിക്കേഷന്‍ നേടിയ നഴ്‌സിന്റെ ശമ്പളം അടുത്ത രണ്ട് വര്‍ഷം കൊണ്ട് 2750 പൗണ്ടിലേറെ വര്‍ദ്ധിക്കും. 2023-24 വര്‍ഷത്തോടെയാണ് ഈ ആനുകൂല്യം പൂര്‍ണ്ണമാകുക. ഈ വര്‍ഷം ഒറ്റത്തവണയായി 1890 പൗണ്ടും ലഭിക്കും.
ഇതിന് പുറമെ എന്‍എച്ച്എസ് ബാക്ക്‌ലോഗ് ബോണസ് എന്ന നിലയില്‍ മഹാമാരിക്ക് ശേഷം എന്‍എച്ച്എസില്‍ നേരിട്ട തുടര്‍ച്ചയായ സമ്മര്‍ദവും, വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ വാഗ്ദാനം നടപ്പാക്കാന്‍ ജീവനക്കാര്‍ നടത്തുന്ന കഠിനാധ്വാനത്തിനും അംഗീകാരം നല്‍കി ഒറ്റത്തവണ എന്‍എച്ച്എസ് ബാക്ക്‌ലോഗ് ബോണസും നല്‍കും. ഒരു വ്യക്തിക്ക് 1250 പൗണ്ട് വരെ ലഭിക്കുന്ന വിധത്തിലാണ് ബോണസ്. എന്നിരുന്നാലും ഇത് ജീവനക്കാരുടെ അനുഭവപരിചയം, അവരുടെ പേ ബാന്‍ഡ് എന്നിവ ആസ്പദമാക്കി ഇരിക്കും. പേ ബാന്‍ഡ് 5-ലുള്ള ശരാശരി നഴ്‌സിന് 1350 പൗണ്ട് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഏറ്റവും കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് മികച്ച വര്‍ദ്ധനവാണ് കരാര്‍ ഉറപ്പ് നല്‍കുന്നത്. ബാന്‍ഡ് 1, 2 എന്നിവയിലുള്ള ജീവനക്കാര്‍ക്ക് ശമ്പളം സമാനമായ തോതില്‍ ഉയരും. യുണീഷന്‍, ജിഎംബി, ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി, ബ്രിട്ടീഷ് ഡയറ്റീഷ്യന്‍ അസോസിയേഷന്‍ എന്നിങ്ങനെയുള്ള യൂണിയനുകളാണ് ശമ്പളവര്‍ദ്ധന അംഗീകരിച്ചത്. ആര്‍ സി എന്‍ ആണ് ഇടഞ്ഞു നില്‍ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല