1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2015

സ്വന്തം ലേഖകന്‍: നൈജീരിയന്‍ പൊതു തെരഞ്ഞെടുപ്പില്‍ നിര്‍ത്തിവച്ചിരുന്ന വോട്ടെണ്ണല്‍ പുനരാരംഭിച്ചപ്പോള്‍ പ്രതിപക്ഷത്തിന് മുന്നേറ്റം. പ്രതിപക്ഷ നേതാവ് മുഹമ്മദ് ബുഹാരി നയിക്കുന്ന പ്രതിപക്ഷ സഖ്യം പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥനേന്റെ ഭരണപക്ഷത്തേക്കാള്‍ മുന്നിലാണ്. ബുഹാരിക്ക് രണ്ടു മില്യണിലേറെ വോട്ടുകളുടെ മുന്‍തൂക്കം ലഭിച്ചപ്പോഴാണ് നാഷണല്‍ ഇലക്ഷന്‍ കമ്മീഷന്‍ തിങ്കളാഴ്ച രാത്രി വോട്ടെണ്ണല്‍ നിര്‍ത്തി വച്ചത്.

തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി രാജ്യമൊട്ടാകെ 50% ത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടേണ്ടതുണ്ട്. ഒപ്പം മൂന്നില്‍ രണ്ടു സംസ്ഥാനങ്ങളില്‍ 25% ത്തില്‍ കൂടുതല്‍ വോട്ടും നേടണം. മതപരം, വംശീയം, പ്രാദേശികം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്.

1999 ല്‍ പട്ടാള ഭരണം അവസാനിച്ചതിനു ശേഷം നൈജീരിയയില്‍ നടക്കുന്ന ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പു പോരാട്ടമാണിത്. നേരത്തെ കഴിഞ്ഞയാഴ്ച നടന്ന വോട്ടെടുപ്പില്‍ രാജ്യം മുഴുവന്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോട്ടുകളുണ്ടായിരുന്നു.

ഐക്യരാഷ്ട്ര സഭയുടേയും ആഫ്രിക്കന്‍ യൂണിയന്റേയും നിരീക്ഷകര്‍ തെരഞ്ഞെടുപ്പു പ്രക്രിയ അവലോകനം ചെയ്യാന്‍ സജീവമായി രംഗത്തുണ്ട്. അതേസമയ വോട്ടെടുപ്പില്‍ പരക്കെ കൃത്രിമം നടന്നതായി പ്രതിപക്ഷം ആരോപിച്ചു.

സൈന്യം തെരഞ്ഞെടുപ്പിലും വോട്ടെണ്ണലിലും അനാവശ്യമായി ഇടപെടുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ പ്രതിനിധികളെ ചില വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കിയെന്നാണ് പരാതി.

നേരത്തെ കള്ളവോട്ട് തടയാന്‍ പുതുതായി ഏര്‍പ്പെടുത്തിയ ബയോമെട്രിക് ഐഡന്റിറ്റി കാര്‍ഡുകള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് രണ്ടാം ദിവസത്തേക്ക് നീട്ടി വക്കേണ്ടി വന്നിരുന്നു. രാജ്യത്ത് ശക്തമായ സാന്നിധ്യമുള്ള ബൊക്കോ ഹറാം തീവ്രവാദികള്‍ തെരഞ്ഞെടുപ്പ് അനിസ്ലാമികം ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പു ദിവസം രാജ്യത്താകെ ഏഴു പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് എകദേശ കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.