1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2020

സ്വന്തം ലേഖകൻ: നൈജീരിയയിൽ ആയുധധാരികൾ തട്ടികൊണ്ടു പോയ 300ൽ അധികം വിദ്യാർഥികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. ഗവർണർ അമിനു ബെല്ലോ മസാരി കുട്ടികളുടെ സ്​കൂളിലെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്​. പ്രത്യേകം സജ്ജരായ സൈനിക സേനയെ മോചന പ്രവർത്തനത്തിനായി ഭരണകൂടം നിയോഗിച്ചിട്ടുണ്ട്​.

പ്രസിഡന്‍റ് മുഹമ്മദ്‌ ബുഹാരിയുടെ ജന്മദേശമായ കനാര ജില്ലയിലെ കറ്റിസിനയിൽ വെള്ളിയാഴ്‌ച രാത്രി 9.40ഓടെയായിരുന്നു സംഭവം. മോട്ടോർ സൈക്കിളിലെത്തിയ ആയുധധാരികൾ ഭീകരത സൃഷ്​ടിച്ച്​ കുട്ടികളെ വാഹനത്തിൽ കടത്തികൊണ്ടു പോവുകയായിരുന്നു.

അക്രമികളും പൊലീസുമായി ആരമണിക്കൂറോളം ഏറ്റുമുട്ടലുണ്ടായി. ആൺകുട്ടികളുടെ ബോർഡിങ്‌ സ്‌കൂളിൽ ആക്രമണം നടന്ന ദിവസം എണ്ണൂറിലധികം പേർ സ്‌കൂളിലുണ്ടായിരുന്നു‌. 336 കുട്ടികളെ കാണാതായിട്ടുണ്ടെന്ന് അധികൃതർ വിശദീകരിച്ചു. സ്​കൂളിന്​ സമീപത്തെ വനത്തിലാണ്​ ഇവരെ ബന്ദികളാക്കിയതെന്നാണ്​ സൂചന.

തട്ടിക്കൊണ്ടുപോകലിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മേഖലയിൽ ആക്രമണം പതിവാണ്‌. കഴിഞ്ഞ മാസം നിരവധി കർഷകരെയാണ്‌ ബൊക്കോഹറാം ഭീകരർ കൊന്നത്‌. 2018ൽ ബൊക്കോഹറാം ഡാപച്ചിയിൽ നൂറിലധികം പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയിരുന്നു.

സംഭവത്തിനു പിന്നാലെ രാജ്യത്തെ എല്ലാ സ്​കൂളുകൾക്കും അവധി നൽകി. തട്ടിക്കൊണ്ടുപോകലിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. BringBackOurBoys എന്ന പേരിൽ ഹാഷ്ടാഗ് കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. അതേസമയം, തട്ടിക്കൊണ്ടു പോയ കുട്ടികളുടെ കൃത്യം എണ്ണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനായി ശ്രമം തുടരുകയാണെന്നും കറ്റിസിന പൊലീസ്‌ അറിയിച്ചു. 10 കുട്ടികളെ മാത്രമാണ്​ തട്ടികൊണ്ടു പോയതെന്നാണ്​ സർക്കാർ അധികൃതർ നൽകുന്ന വിവരം. എന്നാൽ, 300ൽ അധികമുണ്ടെന്ന്​ ഗവർണർ പറയുന്നു​.

പൊലീസ്‌, സൈന്യം, വ്യോമ സേന എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ രക്ഷിക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ടെന്ന് പ്രസിഡൻറ്​ ബുഹാരി പ്രതികരിച്ചു. ആക്രമികളുമായി ഏറ്റുമുട്ടൽ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്രമി സംഘത്തിൻെറ കൈയിൽനിന്നും രക്ഷപ്പെട്ടവരടക്കം 200 കുട്ടികൾ ശനിയാഴ്‌ച മടങ്ങിയെത്തിയെന്നാണ്​ വിശദീകരണം.‌

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.