1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2018

സ്വന്തം ലേഖകന്‍: നിപാ വൈറസ് ബാധ നിയന്ത്രണ വിധേയം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നതതലയോഗം. ഇതുവരെ 18 കേസുകളില്‍ രോഗബാധ സ്ഥിരീകരിച്ചതില്‍ 16 പേരാണ് മരിച്ചത്. കൂടുതല്‍ കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഭയപ്പേണ്ട ഒരു സാഹചര്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. രണ്ടാംഘട്ടത്തിലും വളരെ ചുരുങ്ങിയ കേസുകള്‍ മാത്രമേ വന്നിട്ടുള്ളൂ. കണ്ണൂരിലും വയനാട്ടിലുമുണ്ടായ ഓരോ മരണം നിപാ മൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വൈറസ് ബാധ പൂര്‍ണമായും നിയന്ത്രിക്കപ്പെട്ടു എന്ന് ഉറപ്പാകുംവരെ തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കോഴിക്കോട് തുടരണമെന്ന് യോഗം തീരുമാനിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി എന്നിവിടങ്ങളിലെ വിദഗ്ധരും കോഴിക്കോട്ടു തുടരും. രണ്ടായിരത്തോളം പേരാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയെന്ന് സംശയമുള്ളവരെയാണ് നിരീക്ഷിക്കുന്നത്.

നിരീക്ഷണത്തിലുള്ളവരില്‍ ആവശ്യമുള്ളവര്‍ക്ക് അരി ഉള്‍പ്പെടെ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൗജന്യമായി വീടുകളില്‍ എത്തിക്കാന്‍ കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഉന്നതതലയോഗത്തിനിടെ വിഡിയോ കോണ്‍ഫറന്‍സിലൂടെ കോഴിക്കോട്, മലപ്പുറം കലക്ടര്‍മാരുമായി മുഖ്യമന്ത്രി സംസാരിച്ചു. അതേസമയം, നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള സാദ്ധ്യതകള്‍ കുറയുന്നുവെന്നാണ് സൂചന.

രോഗബാധയുള്ള വവ്വാലുകളെ കണ്ടെത്തി പരിശോധിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് മൃഗസംരക്ഷണ വകുപ്പിന് തലവേദനയായിരിക്കുന്നത്. വവ്വാലുകളെ പിടികൂടി പരിശോധിക്കുന്നത് താല്‍കാലികമായി നിര്‍ത്തിയിട്ടുണ്ട്. നിപാ പരിശോധനയ്ക്കായി അയച്ച ടെസ്റ്റുകളെല്ലാം നെഗറ്റീവ് റിസല്‍ട്ട് കാണിച്ചതായും പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.