1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2018

സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് നിപാ വൈറസ് ഭീതി വിട്ടൊഴിയുന്നില്ല; 18 പേര്‍ ചികിത്സയില്‍; വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍. വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലായി 18 പേര്‍ ചികിത്സയിലുള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ 17 പേരും കോഴിക്കോടാണ്, ഒരാള്‍ തൃശൂരും.

എയിംസിലെയും എന്‍.സി.ഡി.സി.യിലെയും വിദഗ്ധരുടെ സഹായത്തോടെയാണ് രോഗപരിചരണത്തിനും നിയന്ത്രണത്തിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നത്. മെഡിക്കല്‍ കോളേജിലെയും മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററിലെയും ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് നടപടികള്‍. മൃതദേഹങ്ങള്‍ ബന്ധുക്കളുടെ സമ്മതത്തോടെ വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കും. വൈറസ് പകരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സംഘം ഇവിടെത്തന്നെ തുടരുന്നുണ്ട്. മറുനാടന്‍ തൊഴിലാളികളെ ആരോഗ്യ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. നിപാ വൈറസ് ബാധ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ ദുഷ്പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സൈബര്‍സെല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ശൈലജ പറഞ്ഞു.

രോഗം ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ നിപ വൈറസ് ബാധയാല്‍ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ കുടുംബത്തെ സംരക്ഷിക്കാന്‍ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വിശദാംശങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ചചെയ്തു തീരുമാനിക്കും. ലിനിയുടെ ഭര്‍ത്താവ് സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ച് പിന്തുണയും അനുശോചനവും അറിയിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.