1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2017

സ്വന്തം ലേഖകന്‍: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു, പൈശാചികമായ കൃത്യം നടത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി, നിര്‍ഭയയുടെ മാതാപിതാക്കള്‍ വിധി കയ്യടിച്ച് സ്വാഗതം ചെയ്തു. 2012ലെ നിര്‍ഭയ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് മൂന്നംഗ ബെഞ്ച് തള്ളിയത്. പ്രതികളുടേത് ക്രൂരവും പൈശാചികവും നിഷ്ഠൂരവും മനുഷ്യമനഃസാക്ഷിയെ നടുക്കിയതുമായ നടപടിയാണെന്നും അവര്‍ ഒരുവിധത്തിലുമുള്ള ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

കോടതിമുറിയില്‍ ഉണ്ടായിരുന്ന നിര്‍ഭയയുടെ മാതാപിതാക്കളും അഭിഭാഷകരും നിറഞ്ഞ കയ്യടിയോടെയാണ് വിധിയെ സ്വീകരിച്ചത്. ശിക്ഷ കുറയ്ക്കാവുന്ന ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ലെന്ന് നിരീക്ഷിച്ച കോടതി കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും വിലയിരുത്തി. സിസിടിവി ദൃശ്യങ്ങളില്‍ എല്ലാം വ്യക്തമാണ്. പ്രതികള്‍ക്കെതിരെയുള്ള കുറ്റം സംശയമില്ലാതെ തെളിയിക്കപ്പെട്ടു, കോടതി ചൂണ്ടിക്കാട്ടി.

ക്രിമിനല്‍ ഗൂഢാലോചന കുറ്റവും നിലനില്‍ക്കുന്നതാണെന്നും കോടതി കണ്ടെത്തി. പ്രതികളുടെ പ്രവൃത്തി രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചു. ഇരയുടെയും പ്രതികളുടേയും ഡി.എന്‍.എ പരിശോധന പോലെയുള്ള ശാസ്ത്രീയ തെളിവുകള്‍ സംഭവത്തില്‍ പ്രതികളുടെ സാന്നിധ്യം ഉറപ്പാക്കി. ഇരയ്‌ക്കൊപ്പം ബസിലുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയും പ്രതികള്‍ക്ക് എതിരാണ്. പെണ്‍കുട്ടിയുടെ മരണമൊഴിയും ശക്തമായ തെളിവാണ്. ഇരയ്ക്കു മേല്‍ ബസ് ഓടിച്ചുകയറ്റി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് അടക്കമുള്ള കാര്യങ്ങള്‍ ഗൂഢാലോചനയാണെന്നും കോടതി വിലയിരുത്തി.

പ്രതികള്‍ ഇരയുടെ മേല്‍ ഏല്‍പ്പിച്ച ക്രൂരമായ മുറിവുകളും കുറ്റകൃത്യത്തിന്റെ സ്വഭാവവും പരിഗണിച്ച് ശിക്ഷ ശരിവയ്ക്കുകയാണെന്ന് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് ഭാനുമതി എന്നിവര്‍ പറഞ്ഞു. ഇരു ജഡ്ജിമാരും പ്രത്യേകം വിധിന്യായങ്ങള്‍ എഴുതിയിരുന്നു. വധശിക്ഷ ശരിവച്ചതോടെ പ്രതികള്‍ക്കു മുന്നിലുള്ള വാതിലുകള്‍ അടയുകയാണ്. തിരുത്തല്‍ ഹര്‍ജിയും രാഷ്ട്രപതിക്കു മുമ്പാകെ ദയാഹര്‍ജി സമര്‍പ്പിക്കാനും മാത്രമാണ് ഇനി അവകാശമുള്ളത്.

2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടമാനഭംഗം നടന്നത്. ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ബസ് ജീവനക്കാരായ ആറു പേര്‍ ചേര്‍ന്ന് ക്രൂരമായി മാനഭംഗപ്പെടുത്തുകയും മൃതപ്രായമാക്കിയശേഷം റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു. ചികിത്സയില്‍ കഴിയവേ ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണമടഞ്ഞു.

കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി ഒഴികെയുള്ളവര്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി പിന്നീട് ശിക്ഷ ശരിവച്ചു. പ്രതികളിലൊരായ രാം സിംഗിനെ 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിരുന്നു. അവശേഷിക്കുന്ന പ്രതികളായ അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.