1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2020

സ്വന്തം ലേഖകൻ: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. മരണ വാറന്റ് ഡൽഹി വിചാരണ കോടതി സ്റ്റേ ചെയ്തു. പ്രതി പവൻ ഗുപ്ത ദയാ ഹർജി നൽകിയ പശ്ചാത്തലത്തിൽ ആണ് നടപടി. അതിനിടെ പവൻ ഗുപ്തയുടെ ദയാ ഹർജി രാഷ്ട്രപതി തള്ളി. രാവിലെ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.
നിയമത്തിന്റെ പഴുത്‌ ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കുന്നത് വൈകിപ്പിപ്പിക്കുന്നതിൽ ഒരിക്കൽ കൂടി നിർഭയ കേസിലെ പ്രതികൾ വിജയിച്ചു. നാളെ രാവിലെ ആറ് മണിക്ക് വധശിക്ഷ നടപ്പിലാക്കാനിരിക്കെ പ്രതി പവൻ ഗുപ്ത തിരുത്തൽ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചു.

ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഹർജി ചേമ്പറിൽ പരിഗണിച്ച് തളളി. പിന്നാലെ മരണ വാറന്റ് സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപേക്ഷ ഡൽഹി പട്യാല ഹൗസ് കോടതിയും നിരസിച്ചു. വധശിക്ഷ നടപ്പിലാക്കും എന്ന് ഉറപ്പായതോടെ പവൻ ഗുപ്ത രാഷ്ട്രപതിക്ക് ദയാ ഹർജി നൽകി. ഇത് ചൂണ്ടിക്കാട്ടി പവൻ ഗുപ്തയുടെ അഭിഭാഷകൻ വീണ്ടും വിചാരണ കോടതിയെ സമീപിച്ചു.

തുടർന്ന് പവൻ ഗുപ്ത ദയാ ഹർജി നൽകിയ സാഹചര്യത്തിൽ വധശിക്ഷ നാളെ നടപ്പിലാക്കാൻ ആകില്ലെന്നും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ശിക്ഷ നടപ്പിലാക്കുന്നത് നീട്ടി വെക്കുകയാണ് എന്നും വിചാരണ കോടതി ഉത്തരവിട്ടു. പവൻ ഗുപ്തയുടെ ദയാ ഹർജി രാഷ്ട്രപതി തള്ളിയിട്ടുണ്ട്. ഇക്കാര്യം കോടതിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

ഇത് അറിയിച്ചാൽ പതിനാല് ദിവസത്തിന് ശേഷം ഉള്ള ഒരു തിയതി നിശ്ചയിച്ച് പുതിയ മരണ വാറന്റ് പുറപ്പെടുവിക്കും. എല്ലാ പ്രതികളുടെയും ദയാ ഹർജി തള്ളിയ സാഹചര്യത്തിൽ പുതിയ വാറന്റ് പ്രകാരം ശിക്ഷ നടപ്പിലക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.