1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2020

സ്വന്തം ലേഖകൻ: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഇൗ മാസം 22 ന് രാവിലെ 7 മണിക്ക് നടപ്പിലാക്കാൻ ഉത്തരവ്. നിർഭയയുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഡൽഹി പട്യാലഹൗസ് കോടതിയാണ് മരണ വാറന്റ് പുറപ്പെടുവിച്ചത്. ജനുവരി 22 നുള്ളിൽ വധശിക്ഷക്ക് എതിരെയുള്ള നിയമപരമായ മർഗങ്ങൾ പ്രതികൾ തേടണം എന്നും ഉത്തരവിൽ പറയുന്നു.

ജനുവരി 22 ബുധൻ രാവിലെ ഏഴ് മണി. നിർഭയ കേസിലെ നാല് പ്രതികളെ ഡൽഹി തിഹാർ ജയിലിൽ തൂക്കിലേറ്റും. വധശിക്ഷ എത്രയും നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് നിർഭയയുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഡൽഹി പട്യാലഹൗസ് കോടതിയിലെ സെഷൻസ് ജഡ്ജ് സതീഷ് അറോറയാണ് മരണ വാറന്റ് പുറപ്പെടുവിച്ചത്. ഇനി ബാക്കിയുള്ള 14 ദിവസത്തിനകം തിരുത്തൽ ഹർജി, ദയാ ഹർജി ഉൾപ്പെടെയുള്ള നിയമ മാർഗങ്ങൾ പ്രതികൾക്ക് തേടാം.

മരണ വാറന്റ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ജഡ്ജി പ്രതികളായ വിനയ് ശർമ, അക്ഷയ് സിങ്, പവൻ ഗുപ്ത, മുകേഷ്‌ സിങ് എന്നിവരുമായി വീഡിയോ കോൺഫ്രൻസ് വഴി സംസാരിച്ചു. തിരുത്തൽ ഹർജിയും ദയാ ഹർജിയും നൽകാൻ സാവകാശം നൽകണമെന്നു പ്രതികൾ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

മരണ വാറന്റ് പുറപ്പെടുവിച്ചാലും പ്രതികൾക്ക് ഇൗ നിയമ മാർഗങ്ങൾ തേടാമെന്നും ശിക്ഷ നടപ്പിലാക്കുന്നത് വൈകിക്കാൻ ഉള്ള ശ്രമാണ് പ്രതികൾ നടത്തുന്നതെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി മുഖവിലക്ക്‌ എടുത്തു. നടപടിക്രമങ്ങൾ വൈകുന്നതിൽ കോടതിയും ആശങ്ക രേഖപ്പെടുത്തി.

ജനുവരി 22 ജീവിതത്തിലെ സുദിനമെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. ഏഴുവര്‍ഷത്തെ പോരാട്ടം വിജയംകണ്ടതില്‍ സന്തോഷമെന്നും അവർ പറഞ്ഞു. പ്രതികളെ തൂക്കിലേറ്റാനുള്ള തീരുമാനം രാജ്യത്തെ സ്ത്രീകള്‍ക്ക് ശക്തി പകരുന്നതാണ്. നിയമവ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതാണ് വിധിയെന്നും അവര്‍ പറഞ്ഞു.

കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ, ആരാച്ചാരെ ആവശ്യപ്പെട്ട് തീഹാര്‍ ജയിലധികൃതര്‍ ഉത്തര്‍പ്രദേശ് ജയില്‍ വകുപ്പിന് കത്തയച്ചു. തൂക്കിലേറ്റാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് തീഹാര്‍ ജയിലധികൃതര്‍ വ്യക്തമാക്കി. 2103ല്‍ പാര്‍ലമെന്‍റ് ആക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷയാണ് തീഹാര്‍ ജയിലില്‍ അവസാനമായി നടന്നത്.

2012 ഡിസംബര്‍ 16നാണ് നിര്‍ഭയ കേസിനാസ്പദമായ കൃത്യം നടന്നത്. രാത്രിയില്‍ ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ സംഘം ആക്രമിച്ചു. മൃതപ്രായയായ വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും തുടര്‍ന്ന് വഴിയിലുപേക്ഷിച്ചു. ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.