
സ്വന്തം ലേഖകൻ: ലോകത്തെ കരുത്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും. പട്ടികയിൽ ആദ്യമായി ഇടംനേടിയ നിർമല സീതാരാമൻ 34-ാം സ്ഥാനത്താണ്. ഇന്ത്യയിലെ ആദ്യ വനിതാ ധനമന്ത്രിയായ നിർമല സീതാരാമൻ കഴിഞ്ഞ കേന്ദ്രമന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്നു. ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഴുവൻ സമയ മന്ത്രിയായ ആദ്യ വനിതയും നിർമല സീതാരാമനാണ്.
കേന്ദ്രമന്ത്രിസഭയിലെ സുപ്രധാന വകുപ്പുകൾ നേതൃപാടവത്തോടെ കൈകാര്യം ചെയ്തതാണ് നിർമല സീതാരാമനെ കരുത്തരായ വനിതകളുടെ പട്ടികയിൽ എത്തിച്ചത്. പ്രതിരോധമന്ത്രിയെന്ന നിലയിലും ധനമന്ത്രിയെന്ന നിലയിലും ശ്രദ്ധേയമായ ഇടപെടലുകളാണ് നിർമല നടത്തിയത്. കടുത്ത സാമ്പത്തികപ്രതിസന്ധിയിൽനിന്ന് രാജ്യത്തെ കരകയറ്റാൻ വിപ്ലവകരമായ മാറ്റങ്ങൾ സമ്പദ് വ്യവസ്ഥയിൽ ധനകാര്യമന്ത്രാലയം വരുത്തുന്നുണ്ട്. മാന്ദ്യവിരുദ്ദ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിലും ധനമന്ത്രിയുടെ ഇടപെടൽ എടുത്തുപറയേണ്ടതാണ്.
അടുത്ത ബജറ്റിന് മുന്നോടിയായി രാജ്യത്തെ നികുതി ഘടന സമൂലമായി പൊളിച്ചെഴുതുന്നതിനുള്ള പ്രവർത്തനത്തിന് ധനമന്ത്രിയെന്ന നിലയിൽ നിർമല സീതാരാമൻ നേതൃത്വം നൽകുന്നു. ആദായനികുതി പരിധി കൂട്ടുന്നതിനൊപ്പം നികുതി നിരക്ക് കുറയ്ക്കുന്ന കാര്യവും ധനവകുപ്പിന്‍റെ പരിഗണനയിലുണ്ട്. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി കോർപറേറ്റ് നികുതി പരിഷ്കരണവും അടുത്തിടെ നിർമല പ്രഖ്യാപിച്ചിരുന്നു. സാധ്യമായ എല്ലാ മാർഗങ്ങളിലുടെയും മാന്ദ്യത്തെ മറികടക്കുന്നതിനുള്ള പ്രവർത്തനത്തിനാണ് നിർമല സീതാരാമൻ നേതൃത്വം നൽകുന്നത്. ഇതാണ് അവരെ വാർത്തകളിലെ താരമാക്കി മാറ്റുന്നതും, ഫോർബ്സ് പട്ടികയിൽ ഇടംനേടികൊടുത്തതും.
ജർമ്മൻ ചാൻസലർ എഞ്ചല മെർക്കൽ ആണ് ലോകത്തെ കരുത്തരായ വനിതകളുടെ പട്ടികയിൽ ഒന്നാമത്. യൂറോപ്യൻ സെൻട്രൽ ബാങ്കിന്‍റെ പ്രസിഡന്‍റ് ക്രിസ്റ്റീന ലഗാർഡെ രണ്ടാം സ്ഥാനത്താണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീന 29-ാം സ്ഥാനത്താണ്. HCL കോർപറേഷൻ സിഇഒ റോഷ്നി നാടാർ മൽഹോത്ര(54), ബയോകോൺ സ്ഥാപക കിരൺ മസുംദാർ(65) എന്നിവരും ഇന്ത്യയിൽനിന്ന് പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല