1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2021

സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ എട്ടിന ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സാമ്പത്തിക-ആരോഗ്യ മേഖലകള്‍ക്കാണ് പദ്ധതി. ഇതില്‍ നാല് പദ്ധതികള്‍ തികച്ചും പുതിയതും ഒന്ന് ആരോഗ്യ അടിസ്ഥാന സൗകര്യത്തെ ഉന്നമിട്ടാണെന്നും ധനമന്ത്രി പറഞ്ഞു.

കോവിഡ് ബാധിത മേഖലകള്‍ക്കായി 1.1 ലക്ഷം കോടി രൂപയുടെ വായ്പ ഗ്യാരന്റിയാണ് പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 50000 കോടി രൂപയുടെ സഹായവും മറ്റു മേഖലകള്‍ക്കായി 60000 കോടി രൂപയും പ്രഖ്യാപിച്ചു.

ആരോഗ്യ മേഖലയ്ക്ക് 7.95 ശതമാനവും മറ്റുമേഖലകള്‍ക്ക് 8.25 ശതമാനവുമാണ് പലിശനിരക്ക്. പുതിയ പദ്ധതിയായ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമിന് കീഴില്‍ 25 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കും. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ നല്‍കേണ്ടതാണ് ഈ വായ്പ. ഇതിലൂടെ പരമാവധി 1.25 ലക്ഷം രൂപ വായ്പയായി ലഭിക്കും. 89 ദിവസം വരെ തിരിച്ചടവില്‍ വീഴ്ച വരുത്തിയവരടക്കം എല്ലാ വായ്പക്കാരും ഇതിന് അര്‍ഹരാണ്.

ടൂറിസ്റ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. വിസ വിതരണം പുനരാംഭിച്ചു കഴിഞ്ഞാല്‍ ആദ്യത്തെ അഞ്ചു ലക്ഷം ടൂറിസ്റ്റ് വിസകള്‍ സൗജന്യമായി നല്‍കും. 2022 മാര്‍ച്ച് 31 വരെയാകും ഈ പദ്ധതിയുടെ കാലാവധി. ഒരു ടൂറിസ്റ്റിന് ഒരു വിസ മാത്രമേ ലഭിക്കൂ.

ട്രാവല്‍ ഏജന്‍സികള്‍ക്ക് പത്ത് ലക്ഷം രൂപ വായ്പ നല്‍കും. ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ വായ്പയും അനുവദിക്കും. നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയണല്‍ കര്‍ഷക മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്റെ പുനരുജ്ജീവനത്തിന് 77.45 കോടിയുടെ പാക്കേജ്, കര്‍ഷകര്‍ക്ക് 15,000 കോടി രൂപയുടെ പ്രോട്ടീന്‍ അധിഷ്ഠിത വളം സബ്‌സിഡി, ഇന്ത്യയിലെ എല്ലാ ഗ്രാമത്തിലേക്കും ബ്രോഡ്ബാന്‍ഡ് വ്യാപിപ്പിക്കുന്നതിന് 19,041 കോടി രൂപ പാക്കേജ് എന്നിവയാണ് എട്ടിന പരിപാടിയിലെ മറ്റ് ആകർഷണങ്ങൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.