1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2024

സ്വന്തം ലേഖകൻ: രോഗിയെ നിലത്തിട്ടിഴയ്ക്കുകയും ചവിട്ടുകയും, അടിക്കുകയും ഒക്കെ ചെയ്ത സംഭവത്തില്‍ ഉള്‍പ്പെട്ട നഴ്സിനെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ജോലിക്ക് കയറാന്‍ എന്‍ എം സി അനുവാദം നല്‍കി. കിര്‍ബി ലെ സോപക്കനിലുള്ള യൂ ട്രീസ് ഹോസ്പിറ്റലിലെ നഴ്സ് ഡോറാ മാര്‍ഗരറ്റ് പാസിരായിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നത്. പഠന വൈകല്യമുള്ള, അവശനായ രോഗിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടും അത് തടയാന്‍ നടപടികള്‍ എടുക്കാത്തതിനായിരുന്നു അവരെ സസ്പെന്‍ഡ് ചെയ്തിരുന്നത്.

പെരുമാറ്റ ദൂഷ്യം അന്വേഷിക്കുന്ന ഒരു പാനല്‍, ആറ് മാസത്തെ സസ്പെന്‍ഷന്‍ ഓര്‍ഡര്‍ എടുത്തു കളയുകയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച സസ്പെന്‍ഷന്‍ കാലാവധി അവസാനിച്ചിരുന്നു. എന്‍ എം സി കൗണ്‍സില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം നടന്ന വിചാരണയില്‍ അവര്‍ കുറ്റം സമ്മതിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തതായും എന്‍ എം സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്താണ് തെറ്റ് എന്നത് അവര്‍ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു പുരുഷ സപ്പോര്‍ട്ട് വര്‍ക്കര്‍ രോഗിയെ ആദ്യം വാക്കാല്‍ അധിക്ഷേപിക്കുകയും പിന്നീട് ശാരീരികമായി ദേഹോപദ്രവം നടത്തിയ ശേഷം മുറിയില്‍ അടച്ചു പൂട്ടുകയുമായിരുന്നു എന്ന് എന്‍ എം സിയുടെ നേരത്തെയുള്ള ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പാസിരായി അക്കാര്യം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. സംഭവങ്ങളെ കുറിച്ച് കൃത്യമല്ലാത്ത വിവരങ്ങളായിരുന്നു അവര്‍ ആശുപത്രി അധികൃതര്‍ക്ക് നല്‍കിയത് എന്ന് അന്വേഷണ വേളയില്‍ അവര്‍ സമ്മതിക്കുകയും ചെയ്തു.

2001 ല്‍ മെന്റല്‍ ഹെല്‍ത്ത് നഴ്സ് ആയി റെജിസ്റ്റര്‍ ചെയ്ത പാസിരായി അതിനു ശേഷം രേഖകള്‍ സൂക്ഷിക്കല്‍, അക്രമങ്ങള്‍ തടയുക എന്നിവയില്‍ പരിശീലനവും നേടിയിരുന്നു.സംഭവത്തിനു ശേഷം താന്‍ ആകെ താകര്‍ന്നിരുന്നതായും അത്തരമൊരു മാനസികാവസ്ഥയിലായിരുന്നു ആശുപത്രി അധികൃതര്‍ക്ക് ആദ്യത്തേ വിശദീകരണം നല്‍കിയതെന്നും അവര്‍ എഴുതി നല്‍കിയ പ്രതികരണത്തില്‍ പറയുന്നു. ഇത്തരത്തിലുള്ള തെറ്റുകള്‍ ഇനി അവര്‍ ചെയ്യുകയില്ലെന്ന് പാനലിന് ബോദ്ധ്യമായതോടെയായിരുന്നു സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ പാനല്‍ തീരുമാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.