1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2016

സ്വന്തം ലേഖകന്‍: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി, നരേന്ദ്ര മോഡിക്കെതിരെ എന്‍ഡിഎയില്‍ പടയൊരുക്കം. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കിയ നടപടിക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ട്. പാര്‍ട്ടി പ്രതിസന്ധിയിലാകേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിംഗ്, മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാരിനെ പാര്‍ലമെന്റില്‍ പ്രതിരോധിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. പാര്‍ട്ടി എം.പിമാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതായും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

അതേസമയം നോട്ട് അസാധുവാക്കലില്‍ പാര്‍ലമെന്റില്‍ ഈയാഴ്ച മുഴുവന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി രൂക്ഷമാകുകയും വിമര്‍ശനം കടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. പാര്‍ലമെന്റ സമ്മേളനത്തില്‍ നോട്ട് പ്രതിസന്ധി പ്രതിപക്ഷം ഉന്നയിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

അതിനിടെ നോട്ട് അസാധുവാക്കലിനെച്ചൊല്ലി എന്‍.ഡി.എയില്‍ നിന്ന് തന്നെ വിമര്‍ശനം രൂക്ഷമായി. സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് എന്‍.ഡി.എ ഘടകകക്ഷി അകാലിദള്‍ രംഗത്ത് വന്നു. നേരത്തെ സര്‍ക്കാര്‍ നടപടിയെ എന്‍.ഡി.എ ഘടകകക്ഷിയായ ശിവസേനയും എതിര്‍ത്തിരുന്നു.

അതിനിടെ ഡിസംബര്‍ 30 വരെ എ.ടി.എം പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കരുതെന്ന് റിസര്‍വ് ബാങ്ക്, രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തെ പണം പിന്‍വലിക്കാനുള്ള പരിധിയില്‍ ഇളവ് അനിവദിച്ചതിനു പിന്നാലെയാണ് ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കാന്‍ ആര്‍.ബി.ഐ നടപടി. ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രതിമാസ പരിധിയും ഈ കാലയളവില്‍ ബാധകമല്ലെന്ന് ആര്‍.ബി.ഐ തിങ്കളാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി. നവംബര്‍ 10 മുതലാണ് ഈ ഉത്തരവിന് പ്രാബല്യം.

അതോടൊപ്പം പ്രത്യേകാവശ്യങ്ങള്‍ക്ക് കാലാവധി കഴിഞ്ഞ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാവുന്ന സമയം നവംബര്‍ 24 വരെ നീട്ടി. സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, ടോള്‍ ബൂത്തുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ 24 വരെ നോട്ടുകള്‍ സ്വീകരിക്കും. പഴയ നോട്ടുകള്‍ സ്വീകരിക്കാവുന്ന സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ സമയപരിധി നീട്ടിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.