1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2015

ഇന്ത്യയില്‍ വിവാദമായ ഡല്‍ഹി ബലാത്സംഗ കേസിനെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കു പുറകെ ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും വിവാദത്തിലേക്ക്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ ശ്രീലങ്കയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ഉലയുന്നു.

ബ്രിട്ടീഷ് സംവിധായകനായ കാലും മാക്രെ സംവിധാനം ചെയ്ത നോ ഫയര്‍ സോണ്‍ എന്ന ഡോക്യുമെന്റടിയാണ് ശ്രീലങ്കയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ സൈന്യവും എല്‍ടിടിഇയും തമ്മിലുള്ള ആഭ്യന്തര യുദ്ധം വിഷയമാക്കുന്ന ഡോക്യുമെന്ററി ശ്രീലങ്കയുടെ എതിര്‍പ്പ് മറികടന്ന് ബ്രിട്ടനില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

ഹൗസ് ഓഫ് കോമ്മണ്‍സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. സംവിധായകന്‍ മാക്രെയോടൊപ്പം ലേബര്‍ പാര്‍ട്ടി എംപി സിയോബൈന്‍ മക്‌ഡൊണാള്‍ഡ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ലീ സ്‌കോട്ട്, കൂടാതെ പാര്‍ലമെന്റിലെ മറ്റു പ്രമുഖര്‍ എന്നിവരും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ നാടുകടത്തപ്പെട്ട ശ്രീലങ്കന്‍ എഴുത്തുകാരന്‍ രോഹിത അഭയ്‌വര്‍ധനെയും ചടങ്ങിനെത്തും. തന്റെ എഴുത്തുകളിലൂടെ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അപ്രീതി സമ്പാദിച്ചയാളാണ് അഭയ്‌വര്‍ധനെ.

ശ്രീലങ്ക നേരത്തെ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നിരോധിച്ചിരുന്നു. ശ്രീലങ്കയുമായുള്ള ബന്ധം ഉലയുമെന്ന ഭയത്താല്‍ ഇന്ത്യയും ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിട്ടില്ല. കൂടാതെ ശ്രീലങ്കന്‍ വംശജര്‍ കൂടുതലുള്ള നേപ്പാള്‍, മലേഷ്യ എന്നീ രാജ്യങ്ങളിലും ചിത്രത്തിന് നിരോധനമുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണടക്കമുള്ള ലോകനേതാക്കളുടെ പ്രശംസ നേടിയ ചിത്രം പ്രശസ്തമായ എമ്മി അവാര്‍ഡിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.