സ്വന്തം ലേഖകന്‍: കേരളത്തില്‍ ഇനി നോക്കുകൂലിയില്ല; മേയ് ഒന്നു നോക്കുകൂലി നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മേയ് ഒന്നു മുതല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ ധാരണയായി. ഇതിനു കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
എഐവൈഎഫ് കൊടിനാട്ടിയതു കാരണം വര്‍ക്‌ഷോപ്പ് തുടങ്ങാനാകാതെ പുനലൂരില്‍ പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്ത കേസ് നിയമസഭയില്‍ ഉള്‍പ്പെടെ ചര്‍ച്ചയായ സാഹചര്യത്തിലാണു മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. തങ്ങളുടെ തൊഴിലാളികളെ ജോലിക്കെടുത്താലേ പണി നടത്താന്‍ സമ്മതിക്കൂ എന്നു ഭീഷണിപ്പെടുത്തുന്ന തൊഴിലാളി സംഘടനകളുടെ നിലപാടും നോക്കുകൂലി പ്രശ്‌നവും ചര്‍ച്ച ചെയ്യാന്‍ ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കുമെന്നു കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു.
സംസ്ഥാനതല യോഗത്തിന്റെ തുടര്‍ച്ചയായി മെയ് ഒന്നിനു മുന്‍പ് എല്ലാ ജില്ലയിലും കലക്ടര്‍മാര്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കും. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവും അവസാനിപ്പിക്കുമ്പോള്‍ തന്നെ, യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് എന്തു ചെയ്യാന്‍ പറ്റുമെന്നു സര്‍ക്കാര്‍ ആലോചിക്കും. പുതിയ സ്ഥാപനം തുടങ്ങുമ്പോഴും പദ്ധതികള്‍ വരുമ്പോഴും അതാതു പ്രദേശത്തെ തൊഴിലാളികള്‍ക്കു കഴിയുന്നത്ര തൊഴില്‍ ലഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല