1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2020

സ്വന്തം ലേഖകൻ: യുഎസിൽ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതു ലക്ഷം കടന്ന് മുന്നോട്ട്. ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 3,042,670 രോഗികളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. മരിച്ചവരുടെ എണ്ണം 133,062 ആയി. രോഗബാധിതരുടെ കാര്യത്തിലും മരണത്തിലും ബ്രസീല്‍ രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്.

ന്യൂയോര്‍ക്കിനു ശേഷം കാലിഫോര്‍ണിയ, ഫ്ലോറിഡ, ടെക്‌സസ് സംസ്ഥാനങ്ങളും സമൂഹ വ്യാപന ഭീതിയിലാണ്. 206000 രോഗികളുമായി ഫ്ലോറിഡ ന്യൂയോർക്കിന് തൊട്ടുപിന്നിലുണ്ട്. 201000 രോഗികളുമായി ടെക്‌സസ് മൂന്നാം സ്ഥാനത്ത്. ന്യൂജഴ്‌സി, ഇല്ലിനോയി എന്നീ സംസ്ഥാനങ്ങളാണ് നാലും അഞ്ചും സ്ഥാനത്ത് യഥാക്രമമുള്ളത്.

ആശുപത്രി കിടക്കകളുടെ അഭാവവും ടെസ്റ്റിങ് സെന്ററുകളുടെ പ്രതിസന്ധിയുമാണ് ഫ്ലോറിഡയിലും ടെക്‌സസിലും പ്രധാന വെല്ലുവിളി. കൊവിഡ് പടര്‍ന്ന ആദ്യ മാസങ്ങളില്‍, ടെസ്റ്റിങ് സെന്ററുകളുടെ കാര്യത്തില്‍ രാജ്യം വലിയ പ്രതിസന്ധി നേരിട്ടിരുന്നു. പിന്നീട് രാജ്യം അതിന്റെ പരീക്ഷണ ശേഷി വർധിപ്പിക്കുകയും ജൂണില്‍ 15 ദശലക്ഷം ടെസ്റ്റുകള്‍ നടത്തുകയും ചെയ്തു.

എന്നാൽ പല സംസ്ഥാനങ്ങളിലും കേസുകള്‍ വർധിച്ചതിനാല്‍, പരിശോധനാ കിറ്റുകൾക്ക് വൻ ക്ഷാമം നേരിട്ടു. കൊറോണ വൈറസ് വാക്‌സിനുകളും ചികിത്സകളും എത്രയും വേഗം ലഭ്യമാക്കാൻ ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡ് എന്ന പേരിൽ ട്രംപ് ഭരണകൂടം കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ടെസ്റ്റിങ് സെന്ററുകള്‍ക്കു പുറമേ, മേരിലാന്‍ഡ് ആസ്ഥാനമായുള്ള നോവാവാക്‌സ് എന്ന കമ്പനിയ്ക്ക് കൊറോണ വാക്‌സിന്‍ 100 ദശലക്ഷം ഡോസ് അടിയന്തിരമായി വികസിപ്പിക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ യുഎസ് സർവകലാശാലകളില്‍ പഠിക്കുന്ന രാജ്യാന്തര വിദ്യാർഥികള്‍ക്ക് തിരിച്ചടിയായി ഇമിഗ്രേഷന്‍ നയം പുതുക്കുകയാണ് ട്രം‌പ് സർക്കാർ. എല്ലാ ക്ലാസുകളിലും ഓണ്‍ലൈനില്‍ ആയതിനാല്‍ നിലവിലുള്ള വീസ ഒഴിവാക്കുന്നതായി ഇമിഗ്രേഷന്‍ അധികൃതര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇതോടെ കാമ്പസുകള്‍ വീണ്ടും തുറക്കാത്ത പക്ഷം വിദേശ വിദ്യാർഥികള്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടി വരും. ഓൺലൈൻ പഠന സൗകര്യമുള്ള കോഴ്സുകൾക്കൊന്നും ഭാവിയിൽ വീസ അനുവദിയ്ക്കില്ലെന്ന നിലപാടിലാണ് സർക്കാർ.

നിരവധി ഇന്ത്യന്‍ വിദ്യാർഥികള്‍ യുഎസ് സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ ഒരു ദശലക്ഷത്തിലധികം രാജ്യാന്തര വിദ്യാർഥികള്‍ക്ക് പഠനത്തിനായി വിസ നല്‍കിയിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇപ്പോള്‍ പലര്‍ക്കും അവരുടെപാർട്ട് ടൈം ജോലികളും മാത്രമല്ല, ഫെഡറല്‍ സഹായ ഫണ്ടുകള്‍ക്ക് രാജ്യാന്തര വിദ്യാർഥികള്‍ യോഗ്യരല്ലാത്തതും ഇവർക്ക് കനത്ത തിരിച്ചടിയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.