1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2019

സ്വന്തം ലേഖകൻ: രാജ്യത്തെ ബാങ്കിങ് മേഖല വലിയ പ്രതിസന്ധിയിലാണെന്ന് സാമ്പത്തിക നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി. അടിത്തട്ടുലയുന്ന പ്രതിസന്ധിയാണ് ബാങ്കിങ് മേഖല നേരിടുന്നതെന്നും അടിയന്തരമായ ഇടപെടല്‍ ആവശ്യമാണെന്നും അഭിജിത് ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. ന്യൂസ് 18നോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പി.എം.സി ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടം നേരിടുന്ന ബാങ്കുകളെ വിറ്റൊഴിവാക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“നിലവില്‍ ബാങ്കിങ് മേഖല ഗുരുതര പ്രശ്‌നമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി താറുമാറായിക്കൊണ്ടിരുന്ന പ്രശ്‌നമാണ് ഇപ്പോള്‍ അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കുന്നത്. ചെലവഴിക്കാന്‍ ധാരാളം പണത്തിന്റെ ആവശ്യമുണ്ടാവുകയും സര്‍ക്കാരിന് അക്കൗണ്ടില്‍ പണമില്ലാത്തതുമായ അവസ്ഥയാണ് നിലവിലുള്ളത്,” അഭിജിത് ന്യൂസ് 18നോട് പറഞ്ഞു.

നിരവധി ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അത് ഇനിയും ഗുരുതരമാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്നും പെട്ടെന്നുതന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഇന്നലെകളില്‍ പ്രശ്‌നങ്ങളില്ലായിരുന്നിരിക്കാം. എന്നാല്‍ ഇന്ന് ഉദാഹരണമായി പി.എം.സി ബാങ്ക് നമുക്ക് മുന്നിലുണ്ട്. കുറച്ചുകാലമായി കണ്ടുകൊണ്ടിരിക്കുന്ന രീതിയാണത്. ഈ പ്രശ്‌നം അതീവ ഗുരുതരാവസ്ഥയിലേക്ക് പോവുമെന്നാണ് എനിക്ക് തോന്നുന്നത്. നഷ്ടം നേരിടുന്ന കുറച്ച് ബാങ്കുകള്‍ വില്‍ക്കുക, അങ്ങനെ ലഭിക്കുന്ന പണം മറ്റ് ബാങ്കുകളുടെ പ്രവര്‍ത്തനത്തിനായി ചെലവഴിക്കുക എന്നതാണ് ചെയ്യേണ്ടതെന്നാണ് എന്റെ അഭിപ്രായം,” അഭിജിത് കൂട്ടിച്ചേര്‍ത്തു.

വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരമനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ 76,600 കോടിയാണ് കിട്ടാക്കടമായി എഴുതിതള്ളിയത്. ഇത് ബാങ്കിന് ആളുകളില്‍ വിശ്വാസമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുമെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.